പത്തനംതിട്ട: ലൈഫ് മിഷന്റെ ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ/പെൻഷൻകാർ എന്നിവർ അർഹരല്ല. അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.
നിബന്ധനകളിൽ ഇളവ് ലഭിക്കുന്നവർ
പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. പഞ്ചായത്തിൽ 25 സെന്റും, നഗരസഭയിൽ 5 സെന്റിലധികവും ഭൂമിയുണ്ടാകരുത്.
സ്വകാര്യ നാലു ചക്രവാഹനമുള്ള കുടുംബത്തിന് അർഹതയില്ല. ഭൂമി ഭാഗം ചെയ്ത് നൽകിയതുമൂലം ഭൂരഹിതരായവർക്ക് അർഹതയില്ല. നിലവിലെ വീട് ജീർണിച്ചതും, യാതൊരു സാഹചര്യത്തിലും അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തവർക്കും അപേക്ഷിക്കാം.
മുൻഗണന ലഭിക്കുന്നവർ
ഭൂമിയുള്ള ഭവനരഹിതർക്ക് ധനസഹായം, ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസവുമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവർ, അന്ധർ, തളർച്ച ബാധിച്ച കുടുംബാംഗം, അഗതി/ആശ്രയ ഗുണഭോക്താക്കൾ, ഭിന്നശേഷിയുള്ളവർ, ഭിന്ന ലിംഗക്കാർ, കാൻസർ, ഹൃദ്രോഗം, കിഡ്നി തകരാർ, പക്ഷാഘാതം തുടങ്ങിയവയുള്ള കുടുംബാംഗം, അവിവാഹിതയായ അമ്മ കുടുംബനാഥ, എച്ച്.ഐ.വി ബാധിതരുള്ള കുടുംബം, രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാവാത്ത കുടുംബനാഥൻ/നാഥ എന്നിവർക്ക് മുൻഗണന.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്
റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
2017 ൽ ലിസ്റ്റിൽ ഉണ്ടായിരിക്കുകയും റേഷൻകാർഡ്, വാസയോഗ്യമായ വീടുണ്ട് മുതലായ കാരണങ്ങളാൽ വീട് ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് പുതിയ മാനദണ്ഡപ്രകാരം അർഹതയുണ്ടെങ്കിൽ പുതിയ അപേക്ഷ നൽകാം. പി.എം.എ.വൈ/ ആശ്രയ/ ലൈഫ് സപ്ലിമെന്ററി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ വീട് ലഭിക്കാത്തവർക്ക് പുതിയതായി അപേക്ഷിക്കാം. സൂക്ഷ്മപരിശോധന നടത്തി വരുന്ന എസ്.സി, എസ്.ടി, ഫിഷറീസ് അഡീഷണൽ ലിസ്റ്റിൽ പെട്ടവരും, ലൈഫ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ അർഹതാ ലിസ്റ്റിൽ ഉള്ളവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക
ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതാത് നഗരസഭാ സെക്രട്ടറിമാർക്കുമാണു സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ ജില്ലാ കളക്ടറുമായിരിക്കും പരിശോധിക്കുക. സെപ്തംബർ 26നകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബർ 30 ന് അന്തിമ അംഗീകാരവും ലിസ്റ്റ് പ്രസിദ്ധീകരിക്കലും നടക്കും.
തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം: ജില്ലാ കളക്ടർ
ലൈഫ് മിഷൻ പട്ടികയിൽ അർഹരായ എല്ലാവരും ഉണ്ടെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണമെന്നു ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന വീഡിയോ കോൺഫറൻസ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
അർഹരായ എല്ലാവരുടേയും അപേക്ഷകൾ സ്വീകരിച്ച് പട്ടിക തയ്യാറാക്കണം. വിവരങ്ങൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പു വരുത്തണം. അതിനായി തദ്ദേശ സ്ഥാപനങ്ങളിൽ പ്രചാരണ പ്രവർത്തങ്ങൾ നടത്തണം. അക്ഷയ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സൗകര്യമുള്ള ക്ലബ്ബുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം.