photo
ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്​റ്റേഷൻ പരിധിയിലെ ഉമയുംകുപ്പ 1955 തേക്ക് തോട്ടത്തിൽ നിന്നും തീർത്തു വെട്ടു നടത്തിയ തടികൾ കയ​റ്റുകൂലി തർക്കത്തെ കൊണ്ടുപോകാൻ കഴിയാതെ യാർഡിൽ കിടക്കുന്നു

കോന്നി: കൂലിത്തർക്കം മൂലം കയറ്റിക്കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ കോടിക്കണക്കിന് രൂപയുടെ തടികൾ വനം വകുപ്പിന്റെ ഡംബിംഗ് യാർഡിൽ മഴയും വെയിലുമേ​റ്റ് നശിക്കുന്നു. കോന്നി വനം ഡിവിഷനിൽ ഉത്തരകുമരംപേരൂർ ഫോറസ്​റ്റ് സ്​റ്റേഷൻ പരിധിയിലാണ് തേക്ക് ഉൾപ്പടെയുള്ള 300 ലോഡ് തടികൾ കിടക്കുന്നത്. ഉമയുംകുപ്പ 1955 തേക്കുതോട്ടം തീർത്തുവെട്ട് നടത്തി ഒരു വർഷം മുമ്പ് എത്തിച്ചതായിരുന്നു തടികൾ. കരാറുകാർ ലേലം വിളിച്ചെടുത്തെങ്കിലും ലോഡിംഗ് കൂലി സംബന്ധിച്ച തർക്കം മൂലമാണ് കയറ്റാനാകാത്തത്.

വനം വകുപ്പ് ഇ -ലേലത്തിലൂടെയാണ് തടികൾ വിറ്റത്. കൂലിത്തർക്കത്തെ തുടർന്ന് കരാറുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ നിശ്ചയിച്ച കൂലിയിൽ തടി കയ​റ്റിക്കൊണ്ടു പോകാൻ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. കരാറുകാർക്ക് സംരക്ഷണം നൽകണമെന്ന് പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.. ഇപ്പോൾ കൊവിഡ് സാഹചര്യത്തിൽ നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.ഈ തടികൾ കൊണ്ടു പോകാൻ കഴിഞ്ഞാൽ മാത്രമേ കരാറുകാർ നൽകേണ്ട 15 കോടിയോളം രൂപ സർക്കാർ ഖജനാവിലേക്ക് ലഭിക്കു.

---------------

ലേലത്തിന് മുമ്പ് കൂലി നിശ്ചയിച്ചില്ല


ലേലത്തിന് മുമ്പ് കൂലി നിശ്ചയിച്ച് തടികൊണ്ടുപോകുന്നതിനുള്ള ക്രമീകരണം വനം വകുപ്പ് ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം.

നല്ല തടികൾക്ക് പുറമേ പാഴ് തടികളും, വിറകുകളും ഉൾപ്പെടെയാണ് ലേലത്തിൽ വി​റ്റത്. ഒരു മെട്രിക് ടൺ ബില്ല​റ്റ് കയ​റ്റുന്നതിന് ലേബർ ഓഫീസിൽ നിന്ന് അംഗീകരിച്ച തുക 315 രൂപയാണ്. എന്നാൽ ഇതിന് 1200 രൂപയും തേക്ക് ബില്ല​റ്റിന് 2550 രൂപയും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 800 രൂപ ലേലത്തിൽ വി​റ്റ വിറക് കയ​റ്റാൻ 1200 രൂപ കരാറുകാരൻ നൽകേണ്ടി വരും.

-------------------

58.05 ഹെക്ടറിലെ തടികൾ


ഉമയുംകുപ്പ കൂപ്പിലെ 58.05 ഹെക്ടർ സ്ഥലത്തെ 8,807 തേക്ക് മരങ്ങൾ ഉൾപ്പെടെ 13,327 മരങ്ങളാണ് തീർത്തുവെട്ട് നടത്തിയത്. നാല് മാസമായിരുന്നു കാലാവധിയെങ്കിലും ഏഴ് മാസം കൊണ്ടാണ് തീർത്തുവെട്ട് പൂർത്തീകരിച്ചത്. തീർത്തുവെട്ട് നടത്തിയ ശേഷം തേക്ക് തൈകൾ ഈ സ്ഥലത്ത് പ്ലാന്റ് ചെയ്തു വരുന്നുണ്ട്. തടികൾ കൊണ്ടുപോകാത്തത് പ്ലാന്റിംഗ് ജോലിയ്ക്കും തടസം സൃഷ്ടിക്കുന്നു.

---------------

കൂലിത്തർക്കം അറിയില്ല :

യൂണിയൻ നേതാക്കൾ

കൂലിത്തർക്കത്തെ തുടർന്ന് തടികൾ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് പ്രതിനിധികൾ പറഞ്ഞു.

യൂണിയൻ നേതാക്കളുമായി ആരും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. വനം വകുപ്പും കരാറുകാരും ഇക്കാര്യം അറിയിച്ചിട്ടില്ല. പരാതി കിട്ടിയാൽ പ്രശ്നത്തിൽ ഇടപെടും.

------------------

ചോദിക്കുന്നത് അമിതകൂലി : കരാറുകാർ

അമിതകൂലി അംഗീകരിക്കാൻ കഴിയില്ലെന്ന് കരാറുകാർ പറഞ്ഞു. വനം വകുപ്പ് ഇടപെട്ട് തൊഴിലാളികളുമായി ചർച്ച നടത്തി അടിയന്തര നടപടി സ്വീകരിക്കണം. തടികൊണ്ടു പോകാൻ വൈകിയതു മൂലം തറവാടകയും പിഴയുമായി പതിനായിരക്കണക്കിന് രൂപ ഇതിനോടകം നഷ്ടമായി.