പത്തനംതിട്ട: കുടുംബശ്രീ സംഘകൃഷിയുടെ ഭാഗമായ മുളകുപാടത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി. കുമ്പഴ പതിനാറാം വാർഡിലാണ് പദ്ധതി നടപ്പിലാക്കിയത്. ധനശ്രീ സംഘകൃഷി യൂണിറ്റാണ് കൃഷി ചെയ്തത്. ലത, തങ്കമണി',ഓമന, മിനി എന്നിവരാണ് യൂണിറ്റ് അംഗങ്ങൾ. 2000 തൈകളാണ് രണ്ട് മാസം മുമ്പ് നട്ടത്. നഗരസഭ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിജിമോൾ മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഇൻ ചാർജ് മണികണ്ഠൻ എ, അസിസ്റ്റൻ്റ് ജില്ലാ കോഡിനേറ്റർ സലീന എ എച്ച്, ഡിപി എം സുഹാന ബീഗം , സി.ഡി.എസ് ചെയർപേഴ്സൺ മോനി വറുഗീസ്, സംഘകൃഷി ബ്ലോക്ക് കോർഡിനേറ്റർ റിഷി സുരേഷ്, കുടുംബശ്രീ അക്കൗണ്ടൻറ് ഫസീല എന്നിവർ സംസാരിച്ചു.