പത്തനംതിട്ട : പുതിയ കെട്ടിടം പണിതിട്ട് ഇരുപത് വർഷമായെങ്കിലും ആറന്മുള വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം ഇപ്പോഴും അപകടാവസ്ഥയിൽ തുടരുന്നു. 1999 ലാണ് പുതിയ വില്ലേജ് ഓഫീസ് പണിതത്. ആറന്മുള മിനി സിവിൽ സ്റ്റേഷനും ഇവിടെയാണ്. ഇടിഞ്ഞ് വീഴാറായ കെട്ടിടം വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് വില്ലേജ് ഓഫീസ് അധികൃതർ പറയുന്നത്. എന്നാൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രളയത്തിൽ പൂർണമായി മുങ്ങിയ പ്രദേശമാണിത്. പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നുണ്ട്. പുതിയ കെട്ടിടം പണിത് കഴിഞ്ഞാൽ പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ടതുണ്ട്. അത്രയും സ്ഥലം വേറെ ആവശ്യങ്ങൾക്ക് മാറ്റിവയ്ക്കാം. നിരവധിപ്പേർ ദിവസവും വന്നു പോകുന്ന സ്ഥലമാണിത്.
*കെട്ടിടം പൊളിച്ച് മാറ്റിയാൽ ആ സ്ഥലം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാം. പാർക്കിംഗ് ഏരിയാ, വെയിറ്റിംഗ് ഏരിയാ കെട്ടിടം , കുടുംബശ്രീ കോഫി ഷോപ്പ് അങ്ങനെ വിവിധ സാദ്ധ്യതകൾ നിലനിൽക്കുമ്പോഴും അധികൃതർ ഒന്നും ചെയ്യാതെ മാറി നിൽപ്പാണ്.
ഇതുവരെ അവിടെ പ്രശ്നമുള്ളതായി അറിയില്ല. അവിടേക്ക് ആരും പോകാറില്ല. സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയതായി ചെയ്യും. ഇത് പൊളിച്ചില്ലെങ്കിലും അവിടെ സ്ഥലമുണ്ട്.
വില്ലേജ് ഓഫീസ് അധികൃതർ