disinfection-team-

പത്തനംതിട്ട: കൊവിഡിനെ പ്രതിരോധിക്കാൻ ഡിസ് ഇൻഫെക്ഷൻ ടീമുമായി കുടുംബശ്രീ ജില്ലാ മിഷൻ. പ്രതിസന്ധികളെ തരണം ചെയ്യാൻ അവയിലെ അവസരങ്ങളെ കണ്ടെത്തുന്നതാണ് യാഥാർത്ഥ മാർഗമെന്നു തെളിയിക്കുകയാണ് കുടുംബശ്രീ. പൊതുസ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണു നശീകരണം നടത്താൻ കുടുംബശ്രീ സംരംഭ ടീം സജ്ജമായി കഴിഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ പാലിച്ച് പ്രതിരോധത്തിലൂടെ ഉപജീവനം കണ്ടെത്തുകയാണ് കുടുംബശ്രീ ടീം. ഓരോ ബ്ലോക്കിൽ നിന്നും ഓരോ ടീം വീതമാണ് ഡിസ് ഇൻഫെക്ഷൻ ടീമുമായി സജ്ജമാക്കിയിരിക്കുന്നത്. അഗ്നിശമന വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടീമിനു വിദഗ്ധ പരിശീലനം പൂർത്തീകരിച്ചു വരുന്നു. ജില്ലയിലെ ആദ്യ ഡിസ് ഇൻഫെക്ഷൻ ടീമായ പത്തനംതിട്ട നഗരത്തിലെ ആറ് അംഗ സംഘത്തിന്റെ പരിശീലനം പൂർത്തിയാക്കി.
ഡിസ് ഇൻഫെക്ഷൻ ടീമിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ ചെൽസാ സിനി നിർവഹിച്ചു. ജില്ലാ മിഷൻ കോഓർഡിനേറ്റർ എ.മണികണ്ഠൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർമാരായ എൽ.ഷീല, കെ.എച്ച് സലീന, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ എലിസബത്ത് എന്നിവർ പങ്കെടുത്തു.

അതിജീവന പ്രവർത്തനങ്ങൾ

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി അതിജീവന പ്രവർത്തനങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കി വരുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചൻ, ജനകീയ ഹോട്ടൽ, മുഖ്യമന്ത്രിയുടെ സഹായഹസ്തം, ഓൺലൈൻ പഠന പ്രവർത്തനങ്ങൾക്കായി വിദ്യാശ്രീ ലാപ്‌ടോപ്പ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ജില്ലയിലെ ഡിസ് ഇൻഫെക്ഷൻ ടീം. കൊവിഡ് പ്രവർത്തനത്തോടൊപ്പം വനിതകൾക്ക് വരുമാനം ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു. ഒരു ഗ്രൂപ്പിൽ നിന്ന് മൂന്നു മുതൽ ആറു വരെ അംഗങ്ങളാകാം. ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ഒരു സ്‌ക്വയർ ഫീറ്റിന് 1.85 രൂപയും പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് 2.25 രൂപ നിരക്കിലും സേവനം നൽകും. ഫോൺ: 9188112605.