helper
റെജി വർഗീസ്

തിരുവല്ല: കുത്തിയൊഴുകുന്ന മലവെള്ള പാച്ചിലിൽ മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ ഓമനയെ ജീവൻ പണയപ്പെടുത്തിയാണ് തിരുമൂലപുരം തയ്യിൽ പള്ളത്ത് വീട്ടിൽ റെജി വർഗീസ് രക്ഷപ്പെടുത്തിയത്. കനത്തമഴയെ തുടർന്ന് വെള്ളം പൊങ്ങി കലിതുള്ളിയൊഴുകുന്ന മണിമലയാറ്റിൽ വള്ളവുമായി ഇറങ്ങാൻ അൽപ്പം ഭയന്നെങ്കിലും രണ്ടും കൽപ്പിച്ച് ഒാമനയെ രക്ഷപ്പെടുത്താൻ റെജി തയ്യാറാവുകയായിരുന്നു. സുഹൃത്ത് മോനായിയാണ് റെജിയെ ഫോണിൽ വിളിച്ച് ഒരാൾ ഒഴുകിവരുന്ന കാര്യം പറഞ്ഞത്. ഉടനെ തന്നെ വീട്ടിലെ വള്ളമെടുത്ത് പോയി. ആറിന്‌ നടുവിലൂടെ എന്തോ ഒഴുകിവരുന്ന പോലെയാണ് തോന്നിയത്. അടുത്തെത്തിയപ്പോൾ കണ്ണുകളും മുഖത്തിന്റെ കുറച്ചുഭാഗവും മാത്രമാണ് വെള്ളത്തിന് മുകളിൽ കണ്ടത്. വള്ളത്തിൽ വലിച്ചുകയറ്റിയപ്പോൾ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടു. ഉടനെ വീട്ടിലെത്തിച്ചു. ഓടിക്കൂടിയവർ കമ്പിളിപ്പുതപ്പ് കൊണ്ടുവന്ന് ഓമനയെ പൊതിഞ്ഞു. പിന്നെ ചൂടുവെള്ളം കൊണ്ട് കാലുംകൈയും തുടച്ചതോടെ ഓമനയ്ക്ക് ബോധംവീണു. ചൂടുവെള്ളം കുടിക്കാനും നൽകി. കിലോമീറ്ററുകൾ ഒഴുകിയെത്തിയ വീട്ടമ്മയെ രക്ഷപ്പെടുത്തിയ റെജിയെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു. പ്രളയകാലത്തും ഒട്ടേറെപ്പേരെ സ്വന്തം വള്ളത്തിൽ പോയി റെജി രക്ഷപ്പെടുത്തിയിട്ടുണ്ട്. സി.പി.എം തിരുമൂലപുരം പ്ലാംപറമ്പ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് റെജി വർഗീസ്. സൗമ്യയാണ് ഭാര്യ. ദിയ, അദിയ എന്നിവരാണ് മക്കൾ.