ചിറ്റാർ: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിലിരുന്ന ഫാം ഉടമ ടി.ടി. മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വനപാലകരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന സംശയം ബലപ്പെടുന്നു. മത്തായിയെ കസ്റ്റഡിയിൽ എടുത്തത് വനം വകുപ്പിന്റെ ഏത് കേസിലാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഭാര്യ ഷീബ പറയുന്നത്.
വനത്തിൽ വച്ചിരുന്ന കാമറ മത്തായി നശിപ്പിച്ച് മെമ്മറി കാർഡ് കൊണ്ടുപോയെന്നാണ് വനപാലകർ പറഞ്ഞത്. കാമറ നശിപ്പിച്ചെങ്കിൽ അതിന് മഹസർ, ഫോം -I ഇവ തയാറാക്കി (ഒ.ആർ) നമ്പരിട്ട് റാന്നി കോടതിയിൽ 24 മണിക്കൂറിനുള്ളിൽ നൽകണം. മത്തായിയെ കസ്റ്റഡിയിലെടുക്കും വരെ അത് നൽകിയില്ല.
അതായത്, നിലവിലില്ലാത്ത കേസിന്റെ പേരിലാണ് മത്തായിയെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പിന് എത്തിച്ചത്.
ഒരാളെ കസ്റ്റഡിയിൽ എടുത്താൽ ആ വിവരം സ്റ്റേഷൻ ജനറൽ ഡയറി (ജി. ഡി) യിൽ രേഖപ്പെടുത്തണമെന്നിരിക്കെ മത്തായിയുടെ കാര്യത്തിൽ ചെയ്തിട്ടില്ലെന്ന് അറിയുന്നു.
കാമറ നഷ്ടപ്പെട്ടത് സംബന്ധിച്ച് സി.ആർ.പി.സി പ്രകാരം മോഷണത്തിന് കേസെടുക്കാൻ അധികാരമുള്ള പൊലീസിൽ, മത്തായിയെ കസ്റ്റഡിയിൽ എടുക്കുംവരെ വനംവകുപ്പ് അപേക്ഷ നൽകിയിട്ടില്ല. ഇക്കാര്യം ചിറ്റാർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസ് ഒത്തുതീപ്പാക്കാൻ 75000 രൂപ വനപാലകർ ചോദിച്ചതായി മത്തായിയുടെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം കേസ് തീർപ്പാക്കാൻ വനം ഉദ്യോഗസ്ഥർക്ക് അധികാരമില്ല.
മത്തായിയുടെ മൊഴി വനപാലകർ രേഖപ്പെടുത്തിയിട്ടില്ല.
മത്തായിയെ പ്രതിയാക്കാനുള്ള സാക്ഷി മൊഴികളോ തെളിവുകളോ ഇയാൾ മരണപ്പെടുംവരെ ലഭിച്ചിരുന്നില്ല.
മത്തായി കിണറ്റിൽ വീണിട്ടും രക്ഷപ്പെടുത്താൻ കൂടെ ഉണ്ടായിരുന്ന വനപാലകർ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വനപാലകർ സ്ഥലത്ത് നിന്ന് വനത്തിലേക്ക് രക്ഷപ്പെട്ടു.
തെളിവെടുപ്പ് വേളയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന അരുൺ എന്നയാളുടെ ഫോണിൽ നിന്നാണ്, ഉദ്യോഗസ്ഥർ മത്തായിയുടെ ഭാര്യയോട് പണം ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വന്ന വിവരം. ഇതിന് ശേഷം അരുണിനെ പറഞ്ഞുവിട്ട് മത്തായിയെ മാത്രം കസ്റ്റഡിയിൽ സൂക്ഷിച്ചതിലും ദുരൂഹതയുണ്ട്.
--------------
പോസ്റ്റുമോർട്ടം ഇന്ന്
പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മത്തായിയുടെ മൃതദേഹം പ്രാഥമിക പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ പൊലീസ് മേധാവി, ആർ. ഡി. ഒ, സബ്കളക്ടർ, ചിറ്റാർ കുടപ്പന വാർഡ്‌മെമ്പർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. തലയുടെ പിൻഭാഗത്തായി ആഴത്തിൽ മുറിവുണ്ടായിരുന്നു.