പത്തനംതിട്ട: വനം വകുപ്പ് സ്ഥാപിച്ച സിസിടിവി കാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മത്തായിയെ ചിറ്റാറിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നത് ഗൗരവതരമാണ്. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കാത്തത് ദുരൂഹമാണ്. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തുകയും ചെയ്തില്ലെന്നും മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയതെന്നും സുരേന്ദ്രൻ ആരോപിച്ചു. കസ്റ്റഡിയിലുള്ള ആളുടെ ജീവന് മതിയായ സംരക്ഷണം ഉറപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.കൂട്ടിച്ചേർത്തു.