1
തകർന്ന കനാൽറോഡ്

പഴകുളം: കമ്പിതെളിഞ്ഞ് പ്ളാസ്റ്ററിളകി ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ ഇരുപത് കനാൽമേൽപാലങ്ങൾ. കാടുകയറിയും തകർന്നടിഞ്ഞും കനാൽറോഡും.കെ.ഐ.പിയുടെ അടൂർ ബൈപാസ് ജംഗ്ഷനിൽതുടങ്ങി പഴകുളം ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് അപകടത്തിലായപാലങ്ങളും നടന്നുപോകാൻപറ്റാത്തതരത്തിൽ കാട് വളർന്ന് റോഡും ഉള്ളത്.പാലങ്ങൾ ശരിയാക്കാനോ റോഡ് ശരിയാക്കാനോ അധികൃതർ തയാറാകുന്നില്ല.ഫണ്ടില്ലെന്നാണ് കെ.ഐ.പി അധികൃതർ പറയുന്നത് .എന്നാൽ ത്രിതലപഞ്ചായത്തുകളോ മറ്റ് ജനപ്രതിനിധികളോ ഫണ്ടനുവദിച്ച് ശരിയാക്കാൻ ശ്രമിച്ചാൽ അതിന് സമ്മതിക്കുകയുമില്ല.കനാലുൾപ്പെടെ പള്ളിക്കൽ ,കടമ്പനാട് പഞ്ചായത്തുകളിലെ വിവിധ കനാൽറോഡുകളുടെ നവീകരണത്തിന് 60 ലക്ഷം രൂപ ബഹുവർഷ പദ്ധതിയായി കഴിഞ്ഞവർഷം ജില്ലാപഞ്ചായത്തംഗം ടി.മുരുകേശ് അനുവദിച്ചിരുന്നു.ഡി.പി.സി അംഗീകാരവും വാങ്ങി കെ.ഐ.പി അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ മൂന്ന് ലക്ഷത്തിനുമുകളിലുള്ള വർക്കുകൾക്കുള്ള തുക കെ ഐ.പിയുടെ അക്കൗണ്ടിൽ ജില്ലാപഞ്ചായത്ത് നിക്ഷേപിക്കണമെന്നും അല്ലാതെ ജില്ലാപഞ്ചായത്തിന് അംഗീകാരം നൽകില്ലെന്നും കെ.ഐ.പി നിലപാടെടുത്തു.മുൻവർഷങ്ങളിൽ എത്രരൂപയുടെ ഫണ്ടായാലും ജില്ലാപഞ്ചായത്തുതന്നെയാണ് വർക്കും നടത്തിയിരുന്നത്.കഴിഞ്ഞവർഷമാണ് പുതിയ തീരുമാനമുൾപ്പെടുത്തി കെ.ഐ.പി ചീഫ് എൻജിനിയർ ഉത്തരവിറക്കിയത്.വർഷാവസാനമായതുകൊണ്ട് ഫണ്ട് ട്രാൻസഫർ ചെയ്യുന്നടക്കമുള്ള മറ്റ് നടപടികൾക്ക് ജില്ലാപഞ്ചായത്തിന് പോകാൻ കഴിഞ്ഞില്ല.

40 വർഷം പഴക്കമുള്ളത്,​ ഏതു നിമിഷോം നിലം പതിക്കാം

അടൂർ ഹൈസ്കൂൾ ജംഗ്ഷനടുത്ത്നിന്ന് ബൈപാസ് തുടങ്ങുന്നിടത്തുനിന്ന് പഴകുളം വരെയുള്ളഭാഗത്ത് ഇരുപതോളം കനാൽമേൽപാലങ്ങളാണ് ഏതുനിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയാണ്. കനാലിന് ഇരുകരയിലുള്ളവർ ഈ മേൽപാലങ്ങളിലൂടെയാണ് കനാൽറോഡിലേക്കെത്തുന്നത് .ഇരുചക്രവാഹനങ്ങടക്കം ഈ പാലങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. നിരവധിയാത്രകാരാണ് കനാൽറോഡിനെ ആശ്രയിച്ച് അടൂരിലേക്കും പഴകുളത്തേക്കും യാത്രചെയ്യുന്നത്. ഇപ്പോൾ മെറ്റിലിളകി കുഴിയായി തകർന്നുകിടക്കുന്നു.കോഴിമാലിന്യം ഉൾപ്പെടെ കനാലിൽ തള്ളുന്നത് പതിവാണ്.വെള്ളംക്കെട്ടിനിന്ന് വലിയദുർഗന്ധമാണ് പരിസരത്ത്.കെ.ഐ.പി യുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് വർക്ക് നടത്തുന്നതിന് ജനപ്രതിനിധികൾ തയാറാകുന്നില്ല.പണം നൽകിയാൽ കെ.ഐ.പി സമയബന്ധിതമായി വർക്കുനടത്തുമെന്ന വിശ്വാസമില്ലായ്മയാണ് പല ജനപ്രതിനിധികളും ചൂണ്ടികാട്ടുന്നത്.പഴകുളത്ത് നിന്ന് അടൂർ വരെ കെ.പി റോഡിന് സമാന്തരമായി ഉപയോഗിക്കാവുന്ന റോഡാണ് ഈ കനാൽ റോഡ്.കനാൽപാലങ്ങൾ പൊളിച്ചു പണിയുന്നതിനും നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് കനാൽറോഡുകൾ നവീകരണത്തിന് നിലവിലുള്ള തടസം നീക്കുന്നതിന് ജലസേചനമന്ത്രിയെ സമീപിച്ചിരിക്കുകയാണ്

ടി.മുരുകേശ്

(ജില്ലാപഞ്ചായത്തംഗം)​

-ജില്ലാ പഞ്ചായത്തിൽനിന്ന് 60ലക്ഷം അനുവദിച്ചു

-കനാലിന് 30 അടി താഴ്ച

-വാഹനയാത്രികകരും,​ കാൽനടയാത്രക്കാരും ഭീതിയിൽ

-കനാൽ റോഡും തകർന്നു