@ 2018ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞ മണൽ അരീയ്ക്കക്കാവ്
തടി ഡിപ്പോയിൽ വാങ്ങാനാളില്ലാതെ കിടക്കുന്നു
പത്തനംതിട്ട: പമ്പയിൽ നിന്ന് 2018ലെ പ്രളയ ശേഷം വടശേരിക്കര അരീയ്ക്കക്കാവിലെത്തിച്ച മണൽ വാങ്ങാൻ ആളില്ല. ഒരു ഘനമീറ്റർ മണലിന് 1200 രൂപ കൂടാതെ അഞ്ച് ശതമാനം വീതം വനംവികസന നികുതിയും ജി.എസ്.ടിയും ഒരു ശതമാനം പ്രളയസെസും ലോഡിംഗ് കൂലിയും അടച്ചാൽ മാത്രമേ പുറത്തേക്ക് കൊണ്ടുപോകാനാകൂ. എന്നാൽ, ഒരു ഘനമീറ്ററിന് അധിക നികുതിയടക്കം 1100 രൂപയ്ക്ക് പുറത്തു കിട്ടുമെന്നതിനാലാണ് അരീയ്ക്കക്കാവിൽ ശേഖരിച്ച മണലെടുക്കാൻ കരാറുകാർ തയ്യാറാകാത്തത്. കൂടാതെ മണലിലെ ചെളിയും മറ്റുവസ്തുക്കളും നീക്കം ചെയ്യേണ്ടി വരുന്നതിന്റെ ചെലവും കരാറുകാരെ അകറ്റുന്നു. കഴിഞ്ഞ ദിവസം പമ്പയിലെ മണൽ നീക്കം പൂർത്തിയാക്കി പൂർവ സ്ഥിതിയിലാക്കിയിരുന്നു.
പമ്പ ത്രിവേണിയിൽ നിന്ന് വൻ ധാതുനിക്ഷേപം അടങ്ങിയ 62 ലോഡ് മണലാണ് അരീയ്ക്കക്കാവിൽ സംഭരിച്ചിച്ചിട്ടുള്ളത്. ചെളിയും ഉരുളൻ കല്ലുകളും മണൽ ശേഖരത്തിലുണ്ട്. മണൽ വാങ്ങാൻ 24 തവണ ലേല അറിയിപ്പ് നൽകിയിട്ടും ഒരാൾ പോലും എത്തിയില്ല. അടുത്ത ലേലം ആഗസ്റ്റ് അഞ്ചിനും 17നുമാണ്. അംഗീകൃത വ്യാപാരികളല്ലാത്തവർ 575രൂപ മുടക്കി ഇ -രജിസ്റ്റർ ചെയ്യണം. വന വിഭവങ്ങൾ ലേലത്തിൽ വിൽക്കുന്ന എം.എസ്.ടി.സി വെബ് സൈറ്റ് വഴിയാണ് മണലിനും ടെണ്ടർ സമർപ്പിക്കേണ്ടത്.
@ പമ്പയിൽ നിന്ന് അരീയ്ക്കക്കാവിലെത്തിച്ചതിന് ചെലവ് 5.95 ലക്ഷം
2019 ജൂലായ് 10നാണ് തിരുവനന്തപുരം സ്വദേശിയായ കരാറുകാരൻ 5,93,340 രൂപ ചെലവിലാണ് പമ്പയിൽ നിന്ന് അരീയ്ക്കക്കാവിലേക്ക് മണൽ നീക്കിയത്. മണൽ ഒലിച്ച് പോകാതിരിക്കാൻ ചുറ്റുമതിൽ പണിതതിന് രണ്ട് ലക്ഷം രൂപയും വനംവകുപ്പിന് ചെലവായി.
@ ആദ്യ ലേലം വച്ചത് 2019 ആഗസ്റ്റ് 27ന്
@ ഒരുമാസം രണ്ട് ലേലംവച്ച് 24 ലേലം നടന്നു
'' അധികാരികളുടെ ദീർഘ വീക്ഷണമില്ലായ്മ കൊണ്ടാണ് മണൽ ആരും ലേലത്തിൽ എടുക്കാത്തത്. കല്ലുകളും മരക്കുറ്റികളും മാലിന്യങ്ങളും നീക്കം ചെയ്ത് മണൽ ചാക്കുകളിൽ പായ്ക്ക് ചെയ്ത് ഈ ടെണ്ടർ ഒഴിവാക്കി നേരിട്ട് വിൽക്കാൽ നടപടിയുണ്ടാകണം. ഡിപ്പോയിലെ തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതിനും ഇത് സഹായകമാകും.
ജ്യോതിഷ്കുമാർ മലയാലപ്പുഴ,
ഫോറസ്റ്റ് ഡിപ്പോ തൊഴിലാളി യൂണിയൻ
(ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ്