പത്തനംതിട്ട: കരിങ്കൽ ക്വാറി ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ വിധി ഈ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഓൾ കേരള ക്വാറി അസോസിയേഷൻ സംസ്ഥാ വൈസ് പ്രസിഡന്റ് മാത്തൂർ സുരേഷ്, ജില്ലാ സെക്രട്ടറി മധുസൂദനൻപിള്ള, രാജു ചാലാപ്പള്ളി എന്നിവർ അറിയിച്ചു. ഉത്തരേന്ത്യയിലെ ഖനന സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പാറകളും മെറ്റലുകളും ലഭിക്കാതെ വന്നപ്പോഴാണ് ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി ചുരുക്കിയത്. സുപ്രീംകോടതി വിധിയെ തുടർന്ന് നിലച്ചുപോയ നിരവധി പാറമടകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ നിയമം നിലവിൽ വന്നതോടെ നാമമാത്രമായ മടകൾ മാത്രമേ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇതോടെ പാറ ദൗർലഭ്യവും വിലക്കയറ്റവും രൂക്ഷമായി. ഈ സാഹചര്യം മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.