corona

പത്തനംതിട്ട : അഞ്ച് മാസമായി കൊവിഡിനോട് പൊരുതുകയാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ. ക്വാറന്റൈൻ ചെയ്തും പരിശോധനകളുടെ എണ്ണം കൂട്ടിയും വിശ്രമമില്ലാതെയുള്ള പ്രവർത്തനമാണ് തുടരുന്നത്. ഈ മാസം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ലാബ് ക്രമീകരിക്കും. പന്ത്രണ്ട് പേർക്ക് പരിശീലനം ഉടൻ പൂർത്തിയാകും. പ്രധാന ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമുള്ള എട്ട് കൊവിഡ് പരിശോധനാ കേന്ദ്രങ്ങളോടൊപ്പം പത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും

(സി.എച്ച്.സി) പരിശോധന വ്യാപിപ്പിക്കും. മൂന്ന് റാപ്പിഡ് മൊബൈൽ വെഹിക്കിളും ഉണ്ട്. നിലവിൽ മുന്നൂറ് പരിശോധന നടത്തുന്നയിടത്ത് 1500ൽ അധികം പരിശോധനകൾ ദിവസം നടത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

അഞ്ച് രോഗികളിൽ തുടങ്ങിയ കൊവിഡ് അഞ്ചാം മാസം പിന്നിടുമ്പോൾ ആയിരം കടന്നിരിക്കുന്നു. ഇപ്പോൾ ജില്ലയിലാകെ 1449 രോഗികളായി. ഇവരിൽ 576​ പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരാണ്. ഇതിൽ 1019 പേർ രോഗമുക്തരായി എന്നതാണ് ആശ്വാസം. രണ്ട് മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകരുമുണ്ട്. കൊവിഡ് കെയർ സെന്ററിലെ ഒരു വോളണ്ടീയറും പൊലീസുകാരും രോഗികളായി മാറി. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച കുമ്പഴയും പത്തനംതിട്ട എ.ആർ ക്യാമ്പും ലാർജ് ക്ലസ്റ്റർ ആണ്.

* രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ:31

പൊലീസ് ഉദ്യോഗസ്ഥർ : 11

കൊവിഡ് കെയർ സെന്റർ വോളണ്ടിയർ : 1

"രാജ്യത്ത് ആറ് മാസവും ജില്ലയിൽ അഞ്ചു മാസവുമായി കൊവിഡ് സ്ഥിരീകരിച്ചിട്ട്. ജില്ലയിൽ സ്ഥിരീകരിക്കുന്നതിന് ഒരു മാസം മുമ്പേ ആരോഗ്യ വകുപ്പ് എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് രോഗം പിടിപ്പെടുന്നുണ്ടെങ്കിലും മനക്കരുത്ത് നഷ്ടപ്പെടാതെയാണ് അവർ ജോലി ചെയ്യുന്നത്. അവസാനം വരെയും ഇത് തുടരും.

ഡോ. എ.എൽ ഷീജ

(ഡി.എം.ഒ)