തിരുവല്ല: മണിമല, പമ്പ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നദികളിലും പാടശേഖരങ്ങളിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലും ഒറ്റദിവസം കൊണ്ട് ഉയർന്ന ജലം ഇനിയും ഒഴുകി മാറിയിട്ടില്ല. കനത്തമഴ നിലച്ചത് ആശ്വാസമായെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ ആശങ്കയൊഴിഞ്ഞില്ല. ചില പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്ര ദുഷ്‌കരമാണ്. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളായ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളിലും നഗരസഭയുടെ ചില പ്രദേശങ്ങളിലും കഴിയുന്നവരാണ് വെള്ളപ്പൊക്കത്തിന്റെ മുന്നറിയിപ്പിൽ ഭയന്നുകഴിയുന്നത്. മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ശക്തമായ ഒഴുക്കുമുണ്ട്. ആറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും പുഞ്ചയുടെ കരപ്രദേശങ്ങളിലുള്ളവരും ഭയപ്പാടിലാണ്. കഴിഞ്ഞ പ്രളയങ്ങളിൽ ഒഴുകിയെത്തിയ എക്കലും ചെളിയുമെല്ലാം നദികളിലും തോടുകളിലും കുമിഞ്ഞു കിടക്കുന്നതിനാൽ അതിവേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്. ഒരുദിവസം മാത്രം കനത്തമഴ പെയ്താൽ പോലും അഞ്ചടിവരെ വെള്ളം പൊങ്ങുന്ന സ്ഥിതിയാണ്. വേനൽക്കാലത്ത് എക്കൽ നീക്കം സുഗമമായി നടക്കാത്തത് പടിഞ്ഞാറൻ മേഖലയിലുള്ളവരെയാണ് കൂടുതൽ ദുരിതത്തിലാക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി, വീടുകൾക്ക് നാശം
തിരുവല്ല: മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തിരുമൂലപുരത്ത് ആറ്റുതീരത്തുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ ഇരുവെള്ളിപ്ര സെന്റ് തോമസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 28 കുടുംബങ്ങളിലെ 110 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ കനത്തമഴയിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നെടുമ്പ്രം കല്ലുങ്കൽ പനയിൽ വീട്ടിൽ ലൈസാമ്മ ബാബു, കുറ്റൂർ വൃന്ദാവൻ കോളനിയിൽ ചരുവിലെ വീട്ടിൽ ലതാ വിജയൻ, കടപ്ര വില്ലേജിൽ പരുമല കല്ലുംപുറത്ത് കുഞ്ഞുമോൻ, മന്നൻകരചിറ പത്മനാഭ സദനത്തിൽ സി.കെ. സുരേന്ദ്രൻ എന്നിവരുടെ വീടുകൾക്ക് ഭാഗീകനാശം സംഭവിച്ചു. തുകലശ്ശേരിയിൽ ബുധനാഴ്‌ച പുലർച്ചെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് മൂന്നു വീടുകൾക്ക് നാശനഷ്ടം ഉണ്ടായിരുന്നു.