പത്തനംതിട്ട: പ്രകൃതിദുരന്തങ്ങളെ നേരിട്ടും കാട്ടുമൃഗങ്ങളോടു പോരാടിയും ജീവിക്കുന്ന മലയോര നിവാസികളെ മനുഷ്യരായി കാണാനുള്ള മനസ് അധികൃതർക്ക് ഇല്ലെന്നു തെളിയിക്കുന്നതാണ് ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിൽ എടുത്ത പി.പി.മത്തായിയുടെ ദുരൂഹ മരണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) രൂപതാ സമിതി. പരിസ്ഥിതി നശിപ്പിക്കുന്നതും വനസമ്പത്ത് കൊള്ളയടിയ്ക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നവരാണ് സാധാരണക്കാരും പാവപ്പെട്ടവരുമായ കർഷകരെ ശത്രുക്കളായി കാണുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.
സംഭവത്തിൽ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണത്തിനു സർക്കാർ തയാറാകണം. മത്തായിയുടെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും എംസിഎ രൂപതാ പ്രസിഡന്റ് തോമസ് തുണ്ടിയത്ത്, ജനറൽ സെക്രട്ടറി ജോസ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.