@ മരണപത്രം നൽകാതെ വലച്ചു
കൊടുമൺ: പട്ടയത്തിനായി നീണ്ടനാളത്തെ കാത്തിരിപ്പ് സഫലമാകാതെ നിര്യാതനായ മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി വള്ളിക്കോട് ഞക്കുനിലം കുന്നിൻമുകളിൽ വീട്ടിൽ കൊച്ചുചെറുക്കന്റെ മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനും ഉദ്യോഗസ്ഥരുടെ ഉടക്ക്. എവിടെയാണോ മരിക്കുന്നത് അവിടുത്തെ തദ്ദേശസ്ഥാപനം മരണ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് സർക്കാർ ചട്ടം. എന്നാൽ, കൊച്ചുചെറുക്കന്റെ വിലാസം വള്ളിക്കോട് ആണെന്ന ന്യായം പറഞ്ഞ് സർട്ടിഫിക്കറ്റ് നൽകാതെ ബന്ധുക്കളെയും മഹാത്മ ജനസേവന കേന്ദ്രം അധികൃതരെയും ഉദ്യോഗസ്ഥർ വലച്ചു. ഒടുവിൽ, കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞും വാർഡംഗം ശ്രീകുമാറും ഇടപെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി.
മഹാത്മ ജനസേവന കേന്ദ്രം മാനേജർ സി.വി ചന്ദ്രനാണ് കഴിഞ്ഞ ദിവസം കൊടുമൺ പഞ്ചായത്ത് ഒാഫീസിൽ മരണ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. കൊച്ചുചെറുക്കന്റെ വിലാസമുള്ള വള്ളിക്കോട് പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന കത്തുമായി വന്നാൽ കൊടുമണ്ണിൽ നിന്ന് തരാമെന്നായി പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. അങ്ങനെ ചട്ടമില്ലാത്തതിനാൽ കത്ത് നൽകാനാവില്ലെന്ന് വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതേതുടർന്ന് സി.വി ചന്ദ്രനും സെക്രട്ടറിയും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡംഗവും ഇടപെട്ട് മരണ സർട്ടിഫിക്കറ്റ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.
ചെങ്ങറ സമരത്തിൽ പങ്കെടുത്ത കൊച്ചുചെറുക്കന് കാസർകോട് മഞ്ചേശ്വരം താലൂക്കിൽ പട്ടയഭൂമി അനുവദിച്ചിരുന്നു. ഭാര്യയുടെ മരണശേഷം നാട്ടിലെത്തിയ കൊച്ചുചെറുക്കനുള്ള പട്ടയം ബെഡാജെ വില്ലേജ് ഒാഫീസിൽ നിന്ന് കൊടുമൺ വില്ലേജ് ഒാഫീസിലേക്ക് അയച്ചുകൊടുത്തെങ്കിലും കൈമാറാതെ തിരിച്ചയച്ചു. ആറുമാസമായി പട്ടയത്തിന് കാത്തിരുന്ന കൊച്ചുചെറുക്കൻ കഴിഞ്ഞയാഴ്ചയാണ് മരിച്ചത്.