ചെങ്ങന്നൂർ: രണ്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹജീവനക്കാരുടെ സ്രവപരിശോധനാ ഫലം അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാ കളക്ടർക്കും ഡി.എം.ഒ യ്ക്കും കത്ത് നൽകി. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരുടെ സ്രവപരിശോധനാ ഫലം വൈകിയാൽ ഗുരുതരമായ രോഗവ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കണ്ടക്ടർമാരുമായി സമ്പർക്കമുണ്ടായിരുന്ന ജീവനക്കാരുടെ സ്രവപരിശോധന നടത്തിയിരുന്നെങ്കിലും ആരുടേയും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ 27 ന് 17 പേരുടെയും ഇന്നലെ 9 പേരുടെയും സ്രവപരിശോധന നടത്തിയിരുന്നു. അടിയന്തരമായി സ്രവപരിശോധനാഫലം ലഭ്യമാക്കി മറ്റു ജീവനക്കാരിലേക്കും പൊതുജനങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത തടയണം. ഫലം ലഭ്യമാക്കാൻ വൈകുന്നപക്ഷം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിടുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നൽകിയ പരാതിയിൽ പറയുന്നു.