മല്ലപ്പള്ളി : ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭവനരഹിതരുടേയും ഭൂരഹിതരുടേയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുവാൻ സാധിക്കാത്തവർക്ക് ഇന്നുമുതൽ 14 വരെ സർക്കാർ അവസരം നൽകിയിരിക്കുന്നതാൽ മല്ലപ്പള്ളി പഞ്ചായത്ത് അർഹതപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ചേർന്ന അടിയന്തിര സ്റ്റീയറിംഗ് കമ്മിറ്റി യോഗം വാർഡുതലത്തിൽ പഞ്ചായത്ത് അംഗങ്ങൾ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും അപേക്ഷകൾ ഓൺെലൈനായി സമർപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രസിഡന്റ് റെജി ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ, പി.എസ്.രാജമ്മ, പ്രകാശ്കുമാർ വടക്കേമുറി,സെക്രട്ടറി പി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു. അപേക്ഷകർ റേഷൻ കാർഡ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം), വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതാത് വാർഡ്‌മെമ്പർമാരുമായി ബന്ധപ്പെടണം.