പത്തനംതിട്ട: ഓൺലൈൻപഠനമടക്കം വിദ്യാഭ്യാസ മേഖലയിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യമെന്ന് പ്രഥമദ്ധ്യാപകർ. എയിഡഡ് മേഖലയിൽ കഴിഞ്ഞ മാർച്ച്, മേയ് മാസങ്ങളിലുണ്ടായ ഒഴിവുകളിൽ മാനേജർമാർ മുൻവർഷങ്ങളിലേപ്പോലെ നിയമനം നടത്തിയെങ്കിലും ഈ തസ്തികകൾ അംഗീകരിക്കാൻ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർ ഓൺലൈൻ തുടർ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തയാറാകുന്നില്ല. സർക്കാർ മേഖലയിലെ ലോവർ പ്രൈമറി സ്കൂളുകളിൽ950 പ്രഥമാദ്ധ്യാപകരേയും അൻപതോളം എ ഇ ഒ മാരേയും നിയമിച്ചിട്ടില്ല. കൊവിഡ് ചുമതല കൂടി ഏല്പ്പിച്ചതോടെ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് അദ്ധ്യാപകർ. നിയമനം അംഗീകരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻപിള്ള, സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.