-coronavirus

അടൂർ : അടൂരിലും പരിസരത്തുമായി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത് 12 പേർക്ക്. അടൂർ ക്ളസ്റ്ററിൽ നിന്നുമുണ്ടായ രോഗവ്യാപനം വഴി അഞ്ച് പേർക്കാണ് പഴകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഏഴംകുളത്ത് രണ്ടുപേർക്കും മങ്ങാട്ടും മൂന്നുപേർക്കും രോഗം സ്ഥരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച യുവാവുമായുള്ള സമ്പർക്കത്തിൽ ചൂരക്കോടും കണ്ണംകോടും ഒാരോരുത്തർക്കും വീതവും രോഗം സ്ഥിരീകരിച്ചു. പഴകുളത്ത് സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുമ്പോഴും മറ്റ് പ്രദേശങ്ങളിൽ ഏനാദിമംഗലം പഞ്ചായത്ത് ഉൾപ്പെ‌ടെയുള്ളപ്രദേശങ്ങൾ ആശ്വാസത്തിലായിരുന്നു. ഇന്നലെ മങ്ങാട്ട് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. അടൂർ ക്ളസ്റ്ററിൽ നിന്ന് രോഗംപകർന്നത് ജനറൽ ആശുപത്രിയിൽ പ്രസവത്തിന് വിധേയയായ യുവതിക്കാണ്. ഇവരിൽ നിന്നുമുള്ള സമ്പർക്കം വഴിയാണ് ഇന്നലെ മൂന്ന് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചത്. ഇൗ യുവതി വഴി രോഗം പകർന്നവരുടെ എണ്ണം ഇതോടെ 7 ആയി ഉയർന്നു. ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആശങ്കജനകാംവിധം ഉയർന്നതോടെ ആളുകൾക്കിടയിൽ ഭീതി വർദ്ധിച്ചു. അതേ സമയം വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ തിരക്കിന് യാതൊരു കുറവും ഇല്ല. പല മേഖലകളിലും സാമൂഹ്യ അകലം വെറും വാക്കുകളിൽ ഒതുങ്ങുകയാണ്. സാമ്പിൾ ശേഖരിക്കുന്നവരുടെ പരിശോധനാഫലം വൈകുന്നതായ പരാതി ഉയരുന്നു. പള്ളിക്കൽ പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടികയിലുള്ള മൂന്നാം വാർഡിലെ 13 കുടുംബങ്ങളിൽ നിന്നുള്ളവരുടെ പരിശോധന നടത്തിയിട്ട് 11 ദിവസം കഴിഞ്ഞിട്ടും ഇതുവരെ ഫലം ലഭിച്ചില്ലെന്ന പരാതി ഉയരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് അയച്ചവരുടെ പരിശോധനാ ഫലത്തിലും ഇതേ മെല്ലപ്പോക്കുണ്ടെന്ന ആക്ഷേപമുണ്ട്.