തിരുവല്ല: മണിമലയാറ്റിൽ ഒഴുകിയെത്തിയ വൃദ്ധയുടെ ജീവൻ നീന്തിപ്പിടിച്ച റെജിവർഗീസ് ഇപ്പോൾ അഭിനന്ദന പ്രവാഹത്തിൽ മുങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അനുമോദിക്കാനെത്തിയ ഡോ. എൻ. ജയരാജ് എം.എൽ.എ റെജിക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് അറിയിച്ചു.
മണിമല തൊട്ടയിൽ വീട്ടിൽ ഒാമനയാണ് (68) കിലോമീറ്ററുകളോളം നദിയിലൂടെ ഒഴുകി കുറ്റൂരിലെത്തിയത്. സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടവർ ഫോണിൽ വിവരമറിയിച്ചതിനെ തുടർന്നാണ് തീരത്ത് താമസിക്കുന്ന സി.പി.എം തിരുമൂലപുരം ബ്രാഞ്ച് സെക്രട്ടറി തയ്യിൽ പള്ളത്ത് റെജി വർഗീസ് വള്ളത്തിലെത്തി അബോധാവസ്ഥയിലായ ഒാമനയെ രക്ഷിച്ചത്. ഒാമന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു.
നദിയിൽ നിന്ന് മീൻ പിടിച്ച് കുടുംബം പുലർത്തുന്ന റെജി ഇടിയാറായ വീട്ടിലാണ് താമസം. 25 കൊല്ലം മുമ്പ് സഹായമായി കിട്ടിയ പണം കൊണ്ട് പി.ഡബ്ളിയു.ഡി പുറമ്പോക്കിൽ നിർമ്മിച്ച വീടാണിത്. കൈവശരേഖയുണ്ട്. ഇവിടെ വീടു പണിയുന്നതിന് അനുവാദം ലഭിക്കുന്ന മുറയ്ക്ക് വീട് നിർമ്മിച്ചു നൽകാനാണ് തീരുമാനം.
കറുകച്ചാൽ പഞ്ചായത്തിൽ നാല് സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് ഒരാൾ അറിയിച്ചിരുന്നു. എന്നാൽ ജന്മനാട് വിട്ടുപോകാൻ റെജി തയ്യാറല്ല. മാത്യു ടി. തോമസ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഡോ. പുന്നൻ കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിൻ തുടങ്ങിയവരും റെജിയെ അനുമോദിക്കാനെത്തി.