തിരുവല്ല : വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം. ഒരു പൊലീസുകാരന് വെട്ടേറ്റു. പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സന്തോഷിനാണ് പരിക്കേറ്റത്. കവിയൂർ കണിയാമ്പാറയിൽ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ലിജിൻ , ബിജിത് എന്നിവരാണ് പൊലീസിനെ ആക്രമിച്ച ശേഷം കടന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ കണിയാമ്പാറ ജംഗ്ഷന് സമീപമായിരുന്നു സംഭവം. ലിജിനും ബിജിത്തും കവിയൂർ പ്രദേശത്ത് സ്‌കോർപ്പിയോ കാറിൽ കറങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇവരെ പിടികൂടാനായി സന്തോഷ് അടങ്ങുന്ന മൂന്നംഗ പൊലീസ് സംഘം സ്വകാര്യ വാഹനത്തിൽ കവിയൂരിൽ എത്തുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന സ്‌കോർപ്പിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കുറുകെയിട്ട് പ്രതികളെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ സ്‌കോർപ്പിയോയിൽ സൂക്ഷിച്ചിരുന്ന വടിവാൾ എടുത്ത് പ്രതികളിൽ ഒരാളായ ലിജിൻ പൊലീസുകാർക്ക് നേരെ വിശുകയായിരുന്നു, യുവാക്കൾ കാറിൽ രക്ഷപെട്ടു. പരിക്കേറ്റ സി.പി.ഒ സന്തോഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.