sahayam

 വീടെന്ന സ്വപ്നവുമായി അമ്മയും മകളും കൊച്ചുമകളും

കൊല്ലം: സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ല, കിടപ്പാടമില്ല, റേഷൻ കാർഡും ഇല്ല. 65 കാരി ശാരദ, മകൾ ജയലക്ഷ്മി, 13 കാരിയായ ചെറുമകൾ എന്നിവർക്ക് കൂട്ട് പട്ടിണിയും ഇല്ലായ്മയും മാത്രം. മാമ്മൂട്ടിൽ കടവ് വിവേകാനന്ദനഗർ 111ൽ മറ്റൊരാളുടെ വസ്തുവിലെ ഷെഡിനുള്ളിലാണ് മൂന്നുജീവിതങ്ങൾ കഴിഞ്ഞുകൂടുന്നത്.

ജയലക്ഷ്മിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും മകളെയും ഉപേക്ഷിച്ച് പോയതാണ്. ആൺതുണയില്ലാത്ത കുടുംബത്തിൽ ജയലക്ഷ്മി വീട്ടുജോലിക്ക് പോയി ലഭിക്കുന്ന തുച്ഛവരുമാനം കൊണ്ടാണ് ഇവർ കഷ്ടിച്ച് ജീവിക്കുന്നത്. മുളങ്കാടകം സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർത്ഥിനിയായ മകൾക്ക് ഫീസ് കൊടുക്കാൻ പണമില്ലാത്തതിനാൽ ട്യൂഷൻ പഠനം നിറുത്തി. ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ പരിസരവാസികൾ സഹായിച്ച് ഒരു ടി.വി നൽകി.

വൈദ്യുതി ഇല്ലാത്തതിനാൽ അയൽവീട്ടിൽ നിന്നാണ് ടി.വി പ്രവർത്തിപ്പിക്കാൻ വൈദ്യുതി നൽകുന്നത്. ഇപ്പോൾ താമസിക്കുന്ന ഷെഡിന്റെ വാടക നൽകാൻ പണമില്ലാത്തതിനാൽ ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇറക്കിവിട്ടാൽ എങ്ങോട്ട് പോകണമെന്നറിയാത്ത ഈ മൂന്നംഗ കുടുംബത്തിന് താമസിക്കാൻ വീട് നൽകാൻ ഇതുവരെ ബന്ധപ്പെട്ട അധികൃതരും കരുണകാട്ടിയിട്ടില്ല. ഭൂമിയില്ലാത്തതാണ് കാരണം. സുമനസുകളുടെ സഹായമാണ് ഇവർ അഭ്യർത്ഥിക്കുന്നത്. ഇന്ത്യൻ ബാങ്കിന്റെ അയത്തിൽ ശാഖയിൽ ജയലക്ഷ്മിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

നമ്പർ: 6579593327. ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ഐ.ബി 000എ175. ഫോൺ: 6235177503.