thenguvila-road
തകർന്നടിഞ് അപകടാവസ്ഥയിലായ ഒഴുകുപാറ- തെങ്ങുവിള റോഡ്

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ വാർഡിലെ പോളച്ചിറ -തെങ്ങുവിള റോഡ് തകർന്നടിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പുനർനിർമ്മിക്കുന്നതിൽ അധികൃതരുടെ അനാസ്ഥ. ഒഴുകുപാറ ജംഗ്ഷനിൽ തുടങ്ങി പോളച്ചിറ ഏലായിൽ അവസാനിക്കുന്ന റോഡിന്റെ പോളച്ചിറ എസ്.വൈ.എസ് യു.പി സ്കൂൾ ജംഗ്ഷൻ മുതൽ തകർന്ന് കുണ്ടുംകുഴിയുമായി മാറി. കാൽനടയാത്ര പോലും ദുസഹമാകുന്ന തരത്തിലാണ് റോഡിന്റെ നിലവിലെ അവസ്ഥ.

പോളച്ചിറ ഏലായിലെ കർഷകരുൾപ്പെടെ മേഖലയിലെ നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. രോഗികളെ കൊണ്ടുപോകാൻ വാഹനം വിളിച്ചാൽ പോലും കുഴികളിൽ വീഴുമെന്ന ഭയം മൂലം ഡ്രൈവർമാർ വരാൻ മടിക്കും. പ്രദേശത്തെ കല്യാണം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് കാൽനടയായി പോലും വരാൻ കഴിയാത്ത സ്ഥിതിയാണ്.

റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും തിരിഞ്ഞുനോക്കാൻ പോലും ആരും മിനക്കെടാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങളെയും ഇതിനോടകം നിരവധി തവണ നാട്ടുകാർ സമീപിച്ചു കഴിഞ്ഞു.

 ഇടിഞ്ഞുതാഴ്ന്നു; ഭീതിയോടെ ജനങ്ങൾ

റോഡിന്റെ ധർമ്മഗിരി ഭാഗത്ത് വൻഅപകടത്തിന് കാരണമാകും വിധം ഇടിഞ്ഞുതാഴുകയാണ്. ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് മഴക്കാലമായതോടെ ഉള്ളിലേക്ക് ഒരു മീറ്ററോളം അകത്തേക്ക് ഗുഹ പോലെ രൂപപ്പെട്ടിരിക്കുകയാണ്. ആദ്യകാലത്ത് അപകടഭീഷണിയുള്ള സ്ഥലത്ത് ചുവന്ന റിബൺ വലിച്ചുകെട്ടിയിരുന്നെങ്കിലും ഇപ്പോൾ കാണാനില്ല. ഇവിടെ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.