അടിസ്ഥാന സൗകര്യങ്ങളില്ല
പത്തനാപുരം: അച്ചൻകോവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് ചോർന്നൊലിച്ച് തകർന്നുവീഴാറായ കെട്ടിടത്തിൽ. രാജഭരണകാലത്ത് നിർമ്മിച്ച പഴക്കം ചെന്ന പൊലീസ് സ്റ്റേഷന്റെ കെട്ടിടം ചോർച്ച കാരണം ടാർപ്പാളിൻ ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. കുടുസുമുറിയിൽ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ജോലിയെടുക്കുന്നത്. വനിതാ പൊലീസുകാർ ഉൾപ്പടെയുള്ളവർക്ക് യൂണിഫോം മാറുന്നതിനോ വിശ്രമത്തിനോ ഇവിടെ ഒരു സൗകര്യവുമില്ല. പരാതിയുമായി എത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടമോ മറ്റ് സൗകര്യങ്ങളോ ഇല്ല. സ്റ്റേഷനിലേക്കെത്താൻ വാഹന സൗകര്യം കുറവായതിനാൽ ജീവനക്കാരും പരാതി നൽകാമെത്തുന്നവരും വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാഹന പരിശോധനയ്ക്ക് ഈ സ്റ്റേഷനിലെ പത്തോളം പൊലീസുകാരെ ആര്യങ്കാവിൽ നിയോഗിച്ചിട്ടുണ്ട്. പിറവന്തൂർ, ആര്യങ്കാവ് പഞ്ചായത്തുകളിലെ നാല് വാർഡുകൾ ചേർന്ന പരിധിയിലാണ് അച്ഛകോവിൽ പൊലീസ് സ്റ്റേഷൻ. ആദിവാസി മേഖല കൂടുതലുള്ള പ്രദേശമായതിനാൽ ഉൾവനങ്ങളിൾ പോകുന്നതിന് വേണ്ട വാഹന സൗകര്യവും ആംബുലൻസിന്റെ സേവനവും ലഭ്യമല്ല.
ദിനംപ്രതി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഈ സ്റ്റേഷനിൽ ആവശ്യമായ പൊലീസുകാരെ നിയമിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
സന്തോഷ് മുള്ളുമല, പൊതുപ്രവർത്തകൻ
എത്രയും വേഗം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കണം. സ്റ്റേഷൻ പരിധിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കണം.
കെ.കെ. ശശീന്ദ്രൻ,
എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ വൈസ് പ്രസിഡന്റ്
ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കെട്ടിടം
മണ്ഡല മകരവിളക്ക് കാലത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് അച്ചൻകോവിൽ അയ്യപ്പക്ഷേത്രത്തിൽ എത്തുന്നത്. ആ സമയങ്ങളിൽ മതിയായ പൊലീസുകാർ ഇല്ലാത്തത് വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനായി ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നുണ്ടെങ്കിലും പണികൾ പൂർത്തിയായിട്ടില്ല. എത്രയും വേഗം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
കോട്ടേഴ്‌സുകൾ കുറവ്
ജീവനക്കാർക്ക് താമസിക്കാൻ പര്യാപ്തമായ കോട്ടേഴ്‌സുകൾ ഇല്ലാത്തതും ഉള്ള കോട്ടേഴ്‌സുകൾക്ക് അടിസ്ഥാന സൗകര്യമില്ലാത്തതുമാണ് മറ്റൊരു പ്രധാന പ്രശ്നം. വൈദ്യുതി മുടക്കവും ടെലിഫോൺ തകരാറും മൊബൈൽ കവറേജ് ലഭ്യമല്ലാത്തതും വലിയ തലവേദനയാണെന്ന് പൊലീസുകാർ പറയുന്നു.
പൊലീസ് എയ്ഡ് പോസ്റ്റ് മാത്രമായിരുന്ന ഇവിടെ 2018 ലാണ് പുതിയ പൊലീസ് സ്റ്റേഷന് അനുമതി ലഭിച്ചത്. ഇൻസ്‌പെക്ടർ ഉൾപ്പെടെ 30 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിരുന്നത്. നിലവിൽ 12 ഓളം ജീവനക്കാർ മാത്രമേ ഇവിടെ ജോലി ചെയ്യുന്നുള്ളൂ.