ഓച്ചിറ : കൊവിഡ് 19ന്റെ തുടക്കകാലത്ത്, എല്ലാവരും തകൃതിയായ കൈകഴുകലും സാനിറ്ററൈസർ ഉപയോഗവുമൊക്കെയായിരുന്നു. അതിനായി എല്ലാ മുക്കും മൂലയും വരെ കൈകഴുകൽ കേന്ദ്രങ്ങളും സ്ഥാപിച്ചു. ഓച്ചിറയിലെ പ്രദേശങ്ങളിലും ഇതേരീതിയാണ് പിൻതുടർന്നിരുന്നത്. എന്നാൽ ഇപ്പോൾ ആളുകളുടെ മനോഭാവം മാറി, കൈകഴുകലുമില്ല വലിയ ആശങ്കയുമില്ല , അതാവണം മുക്കിലും മൂലകളിലും സ്ഥാപിച്ച കൈകഴുകൽ കേന്ദ്രങ്ങൾ ആർക്കും വേണ്ടാതെ അനാഥമായി കിടക്കുന്നത്. മാർച്ച് ആദ്യവാരം കൊവിഡ് വ്യാപനത്തെ കുറിച്ച് കൈകഴുകേണ്ട ആവശ്യകതയെ കുറിച്ചും സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പും നിർദ്ദേശങ്ങളും നൽകിയിരുന്നു. സർക്കാരിന്റെ "ബ്രേക്ക് ദി ചെയിൻ" മുദ്രാവാക്യം ആദ്യകാലത്ത് ജനങ്ങൾ ഹൃദയപൂർവം ഏറ്റെടുക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടേയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ മത്സരിച്ച് കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.
ആദ്യഘട്ടത്തിൽ ഓച്ചിറയിലുള്ള വിവിധ സർക്കാർ ഓഫീസുകൾ, ബസ്സ്റ്റോപ്പുകൾ, മത്സ്യ മാർക്കറ്റുകൾ, പ്രധാന കവലകൾ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചത്. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വലിയ ടാങ്കുകളിൽ വെള്ളം നിറച്ച് ടാപ്പുകളും സ്ഥാപിച്ചിരുന്നു. വെള്ളം നിറയ്ക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് ടാങ്കുകൾ ആവശ്യക്കാർ ഇളക്കികൊണ്ടുപോയി.എന്നാൽ സാമൂഹ്യവ്യാപന ഭീതിയെ തുടർന്ന് വിവിധ കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ കൈകഴുകാനുള്ള സൗകര്യം ഒരുക്കണമെന്ന് സർക്കാർ വീണ്ടും നിർദ്ദേശിച്ചെങ്കിലും ഇതൊന്നും കേട്ടഭാവം ആർക്കും തന്നെയില്ല. കൈകഴുകാനോ സാമൂഹിക അകലം പാലിക്കാനോപോലും ആരും ഇപ്പോൾ തയ്യാറല്ല.
കൊവിഡ് പകരുന്നതിന് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള എ.ടി.എം കൗണ്ടറുകളിൽ ഒന്നിൽ പോലും കൈകഴുകുന്നതിനുള്ള സൗകര്യമോ സാനിറ്റൈസറുകളോ ഒരുക്കിയിട്ടില്ല.
വീടിന് വെളിയിൽ പോകുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം ജനങ്ങൾ ബോധപൂർവം അവഗണിക്കുകയാണ്.സാമൂഹ്യ വ്യാപനം കൈയെത്തും ദൂരത്ത് എത്തിയിട്ടും അലസത കാട്ടുന്നവരെ ഇനി എന്ത് പറഞ്ഞാണ് ബോധവാന്മാരാക്കുന്നത്.