എല്ലാം നോക്കും, പക്ഷേ മലിനജലക്കുഴിയുടെയും സെപ്റ്റിക്ക് ടാങ്കിന്റെയും പ്രാധാന്യം വീട് പണിയുമ്പോൾ പലരും ഗൗനിക്കാറില്ലെന്നത് സത്യമാണ്. ഇവ രണ്ടും വീട്ടിൽ എവിടെയെങ്കിലുമൊക്കെ ആകാം എന്നൊരു മിഥ്യാധാരണയാണ് പൊതുവെയുള്ളത്. കൃത്യമായി ചെയ്യുന്നവരുമുണ്ട്.സെപ്റ്റിക്ക് ടാങ്ക് സ്ഥാപിക്കാൻ ഏറ്റവും ഉചിതവും ശാസ്ത്രീയവുമായ സ്ഥലം വടക്കു പടിഞ്ഞാറ് കേന്ദ്രീകരിച്ചാണ്. വടക്ക് പടിഞ്ഞാറെന്ന് പറയുമ്പോൾ സെപ്റ്റിക്ക് ടാങ്ക് പടിഞ്ഞാറിന്റെ പടിഞ്ഞാറല്ല. അതായത് പടിഞ്ഞാറ് കേന്ദ്രീകരിച്ച് വടക്ക് എന്നാണ് ഉദ്ദേശിക്കുന്നത്. വടക്ക് വശത്ത് പടിഞ്ഞാറായി എന്നും പറയാം. പക്ഷേ ഇത് ചെയ്യുമ്പോൾ വീടിന്റെ മൂലയോ മദ്ധ്യമോ അകലെയായാൽ പോലും സെപ്റ്റിക്ക് ടാങ്ക് ഭേദിക്കും വിധം വരാൻ പാടില്ല. മൂല ചേർന്ന് നിൽക്കാതെ നോക്കണം. ടാങ്ക് പരമാവധി കിഴക്ക് വശത്തേയ്ക്ക് നീളാതെ വടക്ക് നീളത്തിൽ തന്നെ നിൽക്കുന്നതാണ് ഉത്തമം. ഔട്ടർ ഉണ്ടെങ്കിൽ അത് വടക്കായി നിൽക്കണമെന്ന് സാരം. വലുതോ ചെറുതോ ആയ പറമ്പാണെങ്കിലും വസ്തുവിന്റെ മദ്ധ്യവും സെപ്റ്റിക്ക് ടാങ്ക് മുറിയ്ക്കാതെ നോക്കണം. വസ്തുവിന്റെ മദ്ധ്യം മുറിയുക എന്നു പറഞ്ഞാൽ ഇവിടെയുള്ള ഊർജാവസ്ഥയെപ്പറ്റിയാണ് പറയുന്നത്. തെക്കുപടിഞ്ഞാറുനിന്നും മറ്റുതലങ്ങളിൽ നിന്നും ഒഴുകി വരുന്ന ഊർജം സെപ്റ്റിക്ക് ടാങ്കിനെ ബാധിക്കരുത്, അത് ദോഷമുണ്ടാക്കാം.
വീട്ടിൽ വടക്ക് പടിഞ്ഞാറ് സ്ഥലമില്ലെങ്കിൽ മാത്രമേ അടുത്ത സ്ഥലത്തെപ്പറ്റി ആലോചിക്കാവൂ. വടക്ക് പടിഞ്ഞാറ് സ്ഥലമില്ലെങ്കിൽ കൃത്യം കിഴക്ക് വശത്തായി സെപ്റ്റിക്ക് ടാങ്ക് സ്ഥാപിക്കാം. പക്ഷേ വീടിന്റെ നേർകിഴക്ക് കണ്ടുപിടിച്ചേ അത് ചെയ്യാവൂ. തെക്ക് കിഴക്കോട്ടോ വടക്ക് കിഴക്കോട്ടോ യാതൊരു കാരണവശാലും സെപ്റ്റിക്ക് ടാങ്ക് മാറരുത്. തെക്ക് കിഴക്ക് സെപ്റ്റിക്ക് ടാങ്ക് വന്നാൽ കേസുകളും വഴക്കും നിത്യദുരിതവുമാണ് ഫലം. അഗ്നിയിലെ സെപ്റ്റിക്ക് ടാങ്കും മലിന ജലക്കുഴിയും പലപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
മലിനജലക്കുഴിയും സെപ്റ്റിക്ക് ടാങ്കും ഒരിക്കലും കന്നിമൂലയിലോ ഈശാനഭാഗമായ വടക്ക് കിഴക്കോ പടിഞ്ഞാറോ വരാൻ പാടില്ല. കന്നിമൂലയിൽ ഈ കുഴികൾ വന്നാൽ വീട്ടിലുളളവർക്ക് മാരമായ രോഗങ്ങളോ, പെട്ടെന്നുളള മരണമോ, മാനസികപ്രശ്നങ്ങളോ വീടിന് ഉയർച്ചയില്ലായ്മയോ നിത്യദുരിതങ്ങളോ ആണ് ഫലം. പടിഞ്ഞാറിന്റെ പകുതിയിലോ തെക്ക് പടിഞ്ഞാറ് ചേർന്നോ മാലിന്യക്കുഴി വരുന്നത് പുരുഷന്മാരെ വളരെ മോശമായി ബാധിച്ചുകാണാറുണ്ട്. അഗ്നിയിൽ മാലിന്യക്കുഴിയും തെക്ക് പടിഞ്ഞാറ് വീടിന്റെ വഴിയും ചേർന്നുവന്നാൽ അപകടങ്ങളുൾപ്പെടെ അസ്ഥിരതയ്ക്കും നഷ്ടങ്ങൾക്കും മറ്റും കാരണമാവുകയും ചെയ്യും. ഈശാനഭാഗത്ത് മാലിന്യക്കുഴി വരുന്നതും വളരെ മോശമായ ഫലമുണ്ടാക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ നിത്യരോഗികളായി കാണാറുണ്ട്.
സെപ്റ്റിക്ക് ടാങ്കുകളും മലിനജലക്കുഴിയും തെറ്റായ വശത്താണെന്ന് ബോദ്ധ്യമായാൽ അത് മാറ്റാൻ വൈകരുത്. വീടിനെയും അനുകൂല ഊർജത്തെയും മുറിപ്പെടുത്താത്തവിധം കഴിവതും വേഗം മാറ്റി സ്ഥാപിക്കുക തന്നെ വേണം.