സാമൂഹിക അകലം ഇല്ലാതെ പ്രതിഷേധ സമരങ്ങൾ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് പ്രതിഷേധ സമരം നടത്തുമ്പോൾ സാമൂഹിക അകലത്തിന് പ്രവേശനമില്ല!. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവ് വന്നതോടെ സമരങ്ങളുടെ കുത്തൊഴുക്കാണ്. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ ജനമനസിൽ കയറിക്കൂടാൻ അവസാന വട്ട സമരങ്ങൾ കൊഴുപ്പിക്കുകയാണ് പാർട്ടികളും മുന്നണികളും.
കേന്ദ്ര സർക്കാർ നയങ്ങൾക്കും ഇന്ധന വില വർദ്ധനവിനുമെതിരെ സമരം നടത്താൻ കോൺഗ്രസും സി.പി.എമ്മും മത്സരിക്കുമ്പോൾ സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരായ സമരങ്ങളിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. ഏതാണ്ടെല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും ഭരണ സ്തംഭനവും അഴിമതിയും ആരോപിച്ച് സമരം ഇല്ലാത്ത ദിവസങ്ങൾ കുറവായി. ആദ്യ ഘട്ടങ്ങളിലെ സമരങ്ങളിൽ സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.
സംസ്ഥാന നേതാക്കളും മുതിർന്ന ജനപ്രതിനിധികളും എത്തുന്ന സമര വേദികളിൽ പോലും സാമൂഹിക അകലം മറക്കുന്നു. മൂക്കും വായും മറയുന്ന തരത്തിലല്ല പലരും മാസ്ക് ധരിക്കുന്നത്. സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാത്തതിന് ചെറുകിട വ്യാപാരികൾക്കെതിരെ കേസെടുക്കുന്നുവെന്ന വിമർശനം നേരിടുന്ന പൊലീസ് ഇത്തരം സമര വേദികളെ കണ്ടില്ലെന്ന് നടിക്കുകയാണ്. സമര വേദികളിൽ നിയന്ത്രണം ഉണ്ടായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതത്തിന് കാരണമായേക്കും.