chinnakkada

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയപാർട്ടികൾ തയാറെടുപ്പ് തുടങ്ങി. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിലനിൽക്കെത്തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടങ്ങൾ കൊയ്യാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികളും മുന്നണികളും പലവിധ തന്ത്രങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ജനങ്ങളിലേക്കെത്താൻ നവമാദ്ധ്യങ്ങളെയാണ് എല്ലാവരും കൂട്ടുപിടിക്കുന്നത്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി എന്നീ പ്രമുഖ കക്ഷികളെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാനൊരുങ്ങുകയാണ്. നിലവിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ 90 ശതമാനവും എൽ.ഡി.എഫ് ഭരണത്തിലാണ്. 2000 ൽ രൂപീകൃതമായ കൊല്ലം കോർപറേഷനിൽ ഇന്നുവരെ ഭരണം പിടിയ്ക്കാൻ യു.ഡി.എഫിനായിട്ടില്ല. ഇക്കുറി അതിനൊരു മാറ്റം വരുത്താനുള്ള പടപ്പുറപ്പാടിലാണ് കോൺഗ്രസും യു.ഡി.എഫും.

ജില്ലയിൽ 68 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ളോക്ക് പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റികൾ കൂടാതെ കൊല്ലം കോർപറേഷനും ജില്ലാ പഞ്ചായത്തുമാണുള്ളത്. ഇടതിന് ആധിപത്യമുള്ള ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈവശമാണ്. ഗ്രാമപഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷനിലെ ഏതാനും വാർഡുകളിലുമായി ഒതുങ്ങുന്നു ബി.ജെ.പിയുടെ സാന്നിദ്ധ്യം. കഴിഞ്ഞ നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകളുടെ മുന്നേറ്റം തദ്ദേശതിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനമാക്കി മാറ്റാനാണ് ബി.ജെ.പി നീക്കം.

കേരളാ കോൺഗ്രസ്

പ്രതിസന്ധി ജില്ലയിലും

കേരളാ കോൺഗ്രസിലെ പ്രതിസന്ധിയുടെ അലകൾ ജില്ലയിലും നേതാക്കളെയും പ്രവർത്തകരെയും ആശങ്കയിലാഴ്‌ത്തി. ജോസ്.കെ. മാണി വിഭാഗവും ജോസഫ് അനുകൂല വിഭാഗവും തങ്ങൾക്കൊപ്പമാണ് പ്രവർത്തകരും ഭാരവാഹികളുമെന്ന അവകാശവാദമുന്നയിച്ച് രംഗത്തെത്തി. ജോസ്.കെ. മാണി വിഭാഗം യു.ഡി.എഫിൽ നിന്ന് പുറത്തായതോടെ ജോസഫ് ഗ്രൂപ്പിൽ നിൽക്കണോ ജോസ്.കെ. മാണിക്കൊപ്പം പോകണോയെന്ന ആശങ്കയിലാണ് പ്രവർത്തകരിലും ഭാരവാഹികളിലും ഏറെയും. ജോസ്.കെ. മാണി വിഭാഗത്തിലെ പല നേതാക്കളും വർഷങ്ങളായി യു.ഡി.എഫുമായി സഹകരിച്ച് നിൽക്കുന്നവരായതിനാൽ അവരിൽ നല്ലൊരു ശതമാനത്തിനും യു.ഡി.എഫ് വിടുന്നതിനോട് യോജിപ്പില്ല. ഈ വികാരം ഉള്ളിൽ സൂക്ഷിക്കുന്നവർ തങ്ങളുടെ പക്ഷത്തേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം.
കെ.എം. മാണി ഉള്ളപ്പോൾ കൊല്ലത്ത് നിന്ന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ജോസഫിനൊപ്പമാണ്. സംസ്ഥാന സമിതിയിലെ ഭൂരിഭാഗം പേരും തങ്ങൾക്കൊപ്പമാണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നു. ജോസഫ് വിഭാഗത്തിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ളയും ജോസ്.കെ. മാണി വിഭാഗത്തിന്റേത് വഴുതാനത്ത് ബാലചന്ദ്രനുമാണ്.
11 നിയോജക മണ്ഡലം പ്രസിഡന്റുമാരിൽ എട്ടുപേരും തങ്ങൾക്കൊപ്പമെന്നാണ് ജോസ്.കെ. മാണി വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ നിയോജക മണ്ഡലം പ്രസിഡന്റുമാരിൽ ആറുപേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് അറയ്ക്കൽ ബാലകൃഷ്ണ പിള്ളയുടെയും കൂട്ടരുടെയും അവകാശവാദം. പഴയ സംസ്ഥാന കമ്മിറ്റികളിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമെന്ന ജോസഫ് പക്ഷത്തിന്റെ വാദത്തെ ചിരിച്ചു തള്ളുകയാണ് മറുപക്ഷം. മൂന്നോ നാലോ പഴയ സംസ്ഥാന കമ്മിറ്റിയംഗങ്ങളല്ലാതെ ആരും ജോസഫ് വിഭാഗത്തിനൊപ്പം പോയിട്ടില്ലെന്ന് വഴുതാനത്ത് ബാലചന്ദ്രൻ പറയുമ്പോൾ അതല്ല ഏറ്റവും കൂടുതൽ സംസ്ഥാന സമിതിയംഗങ്ങൾ കൊല്ലം ജില്ലയിലുള്ളത് ജോസഫ് പക്ഷത്താണെന്ന് അറയ്ക്കൽ ബാലകൃഷ്ണ പിള്ളയും അവകാശപ്പെടുന്നു.

പ്രവാസികൾ ഇപ്പോൾ അനഭിമതർ

കൊവിഡ് ദുരിതങ്ങൾക്കിടെ ജീവിതമാർഗം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനെത്തുമ്പോൾ സംഘടിതമായി അവരെ തടയുകയും അപമാനിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറുന്നു. പ്രവാസികളെ അപമാനിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടറും ഭരണകൂടവും മുന്നറിയിപ്പ് നൽകിയിട്ടും അതിനെ അവഗണിച്ചാണ് പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരിൽ ഭൂരിപക്ഷത്തിനും നിരീക്ഷണ കേന്ദ്രങ്ങളിൽ സൗജന്യ താമസം ലഭിച്ചിട്ടില്ല. സുമനസുകളുടെ സഹായത്തിൽ വിമാന ടിക്കറ്റെടുത്ത് നാട്ടിലെത്തുന്നവർക്ക് വൻ തുക മുടക്കി സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ തങ്ങാനുള്ള ശേഷിയുമില്ല. വീട്ടിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിയ ശേഷമാണ് പലരും ഹോം ക്വാറന്റൈനിൽ കഴിയുന്നത്. ഇങ്ങനെ എത്തുന്നവരെയാണ് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കില്ലെന്ന നിലപാടുമായി ചിലരുടെ ഇടപെടൽ. നിരീക്ഷണത്തിൽ കഴിയുന്നവരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നവരും ധാരാളമുണ്ട്. കഴിഞ്ഞ ദിവസം അന്യസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് യുവാക്കളെ ക്വാറന്റൈനിൽ കഴിയാൻ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവവുമുണ്ടായി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് യുവാക്കൾക്ക് മറ്റൊരു സ്ഥലത്ത് ക്വാറന്റൈൻ സംവിധാനം ഒരുക്കിയത്

ആറായിരത്തോളം പ്രവാസികളാണ് ഒന്നര മാസത്തിനിടെ ജില്ലയിൽ വീടുകളിലേക്ക് മടങ്ങിയെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 17,000 ഓളം പേരുമെത്തി. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർദ്ധിക്കും. അവരിൽ പലരും നമ്മുടെ അയൽവാസികളും ബന്ധുക്കളുമാകാം. സർക്കാർ കണക്കനുസരിച്ച് 22 വരെ 296 മലയാളികളാണ് വിദേശ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രിയപ്പെട്ടവർക്കരികിലേക്ക് ജീവൻ മുറുകെപ്പിടിച്ച് മടങ്ങി വരുന്നവരെ ജന്മനാട്ടിൽ അപമാനിക്കുന്ന മനോഭാവം തിരുത്തിയേ മതിയാകൂ.

പൊലീസിന് തലവേദനയായി

കൊലപാതകങ്ങൾ, ഗുണ്ടാ ആക്രമണം

ജില്ലയിൽ കൊലപാതകങ്ങളും ഗുണ്ട ആക്രമണവും ക്വട്ടേഷൻ പ്രവർത്തനങ്ങളും വർദ്ധിച്ചത് പൊലീസിന് തലവേദനയായ സാഹചര്യത്തിൽ ഇത് നിയന്ത്രിക്കാൻ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ട് കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും അരങ്ങേറിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ കുറ്റപത്രങ്ങൾ വേഗത്തിൽ സമർപ്പിക്കാനും പ്രതികൾക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കാനും തീരുമാനിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ അറിയിച്ചു. ഇതു സംബന്ധിച്ച നടപടിയ്ക്കായി കളക്ടർക്കും സർക്കാരിനും റിപ്പോർട്ട് കൈമാറിക്കഴിഞ്ഞു. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ ഗുണ്ട, ക്വട്ടേഷൻ സംഘ പ്രവർത്തനങ്ങളുള്ള കേന്ദ്രങ്ങളെയും വ്യക്തികളെയും ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ പേർ നിരീക്ഷണത്തിലുമാണ്. വൈകിട്ട് ആറിനും രാത്രി 12 നും ഇടയിലാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും സംഘങ്ങൾ കൂടിചേരുന്നതെന്നും രഹസ്യാന്വേഷണ സംഘങ്ങൾ കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ഈ പ്രദേശങ്ങളെ ആറു മേഖലകളാക്കി തിരിക്കുകയും ഓരോ എസ്.ഐമാരുടെ നേതൃത്വത്തിൽ നിരീക്ഷിക്കാനും ഏർപ്പാടാക്കിയിട്ടുണ്ട്. മഫ്തിയിലുളള ഷാഡോ പൊലീസ് അപ്പപ്പോൾ തൊട്ടുമുകളിലുളള ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറുന്നുണ്ട്.

ഗുണ്ട, ക്വട്ടേഷൻ സംഘങ്ങളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും പൊലീസ് നിരീക്ഷണവും പരിശോധനകളും നടക്കുന്നുണ്ട്. ഗുണ്ട നേതാക്കളുടെയും സംഘങ്ങളുടെയും മൊബൈൽ ഫോൺ വിളികൾ പൊലീസ് സൈബർ സെൽവഴി റെക്കോർഡ് ചെയ്യുന്നുണ്ട്. പഴയ ഗുണ്ടകൾ, കൂലിത്തല്ലുകാർ, ജയിലിൽ നിന്നിറങ്ങിയവർ, എന്നിവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിഴൽ പൊലീസിനെയും പലേടത്തും വിന്യസിച്ചു.