meat

കൊല്ലം: മത്സ്യത്തിനും മാംസത്തിനും കൊള്ളവില ഈടാക്കുന്നവരെ വലയിലാക്കാൻ ജില്ലാ ഭരണകൂടം നേരിട്ട് രംഗത്തിറങ്ങുന്നു. കർശന നടപടിയെടുക്കണമെന്ന് പൊതുവിതരണ വകുപ്പിനോട് പലതവണ ആവശ്യപ്പെട്ടിട്ടും അനങ്ങാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇടപെടാനുള്ള തീരുമാനം.

വരുംദിവസങ്ങളിൽ മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളിൽ കളക്ടറുടെയോ ആർ.ഡി.ഒയുടെയോ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയുണ്ടാകും. പൊതുവിതരണ വകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിൽ ഉണ്ടാകും. അടുത്ത ഘട്ടമായി ചന്തകളിലും പ്രത്യേകം പ്രവർത്തിക്കുന്ന മാംസ വില്പനശാലകളിലും മിന്നൽ പരിശോധന നടക്കും.

കളക്ടർ പ്രഖ്യാപിച്ച ന്യായവിലയെക്കാൾ ചെറിയ വ്യത്യാസമേ വിലയിലുള്ളുവെങ്കിൽ നടപടിയിൽ നിന്ന് ഒഴിവാക്കും. കൊള്ളവില ഈടാക്കുന്നവർക്ക് പിഴ ചുമത്തുന്നതിനൊപ്പം തുടർ നിയമനടപടികളും സ്വീകരിക്കാനാണ് ആലോചന. കഴിഞ്ഞയാഴ്ച തന്നെ ന്യായവില അടിസ്ഥാനമാക്കിയുള്ള പരിശോധന ആസൂത്രണം ചെയ്തിരുന്നതാണ്. വിവിധ യോഗങ്ങൾ, ഹിയറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള തിരക്ക് കാരണമാണ് മാറ്റിവച്ചത്.

 ന്യായവിലയുണ്ട് പക്ഷേ, കൊള്ളലാഭം വേണം

ലോക്ക് ഡൗൺ ആരംഭിച്ചതിന് പിന്നാലെ മത്സ്യത്തിനും മാംസത്തിനും കൊള്ളവില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ജില്ലാ ഭരണകൂടം ന്യായവില പ്രഖ്യാപിച്ചത്. വിവിധ സർക്കാർ വകുപ്പുകളുമായും ഏജൻസികളുമായും ചർച്ച ചെയ്താണ് വിലവിവര പട്ടിക തയ്യാറാക്കിയത്. മത്സ്യത്തിന് കൊല്ലം തീരത്ത് നിന്ന് ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴുള്ള വാഹന ചെലവും കച്ചവടക്കാരന്റെ കൂലിയും ലാഭവും ചേർത്താണ് മത്സ്യത്തിന്റെ വില പ്രഖ്യാപിച്ചിരുന്നത്. പക്ഷെ കച്ചവടക്കാർ കൂലിയും ലാഭവും പോരാതെ കൊള്ളലാഭമെടുത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.

..........................................................

 മിന്നൽ പരിശോധനകൾ ഉടൻ

 ആദ്യഘട്ടം: മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും

 രണ്ടാംഘട്ടം: ചന്തകളിലും മാംസ വില്പനശാലകളിലും