paravur
ഷട്ടർ തകർന്ന പൊഴിക്കര ചീപ്പ് പാലം

 ചീപ്പിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് ടെണ്ടറായി

പരവൂർ: കടലിൽ നിന്ന് അമിതമായി ഉപ്പുവെള്ളവും മണലും കയറി ശ്വാസംമുട്ടുന്ന പരവൂർ കായലിന് വൈകാതെ ശാപമോക്ഷം ലഭിക്കും. കായലിലേക്കും കടലിലേക്കുമുള്ള ഒഴുക്ക് നിയന്ത്രിക്കുന്ന പൊഴിക്കര ചീപ്പിലെ ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്താനുള്ള ടെണ്ടറായി.

എട്ട് ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് ഒന്നരക്കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചതിനാൽ വർഷങ്ങളായി ഉയർത്തിവച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കടലിൽ നിന്ന് വൻതോതിൽ മണൽ കയറി കായൽ നികരുകയാണ്. മണൽ കുന്നുകൂടി പൊഴിക്കര ചീപ്പിന് വടക്ക് കിഴക്ക് ഭാഗത്തായി കായലിൽ മണൽത്തിട്ടയും അടുത്തിടെ രൂപപ്പെട്ടു.

1958ൽ പി. രവീന്ദ്രൻ എം.എൽ.എ ആയിരുന്ന കാലത്താണ് ചീപ്പ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മാലാക്കായൽ കൃഷിയോഗ്യമാക്കാൻ ഉപ്പുവെള്ളത്തെ നിയന്ത്രിക്കാനും കായലിൽ വെള്ളം കൂടുമ്പോൾ ഷട്ടർ തുറന്ന് കടലിലേക്ക് വിടാനും ഉദ്ദേശിച്ചാണ് പാലത്തിൽ ഷട്ടറുകൾ നിർമ്മിച്ചത്. 1987ൽ ചീപ്പിന്റെ പ്രവർത്തനം നിലച്ചു. ഉരുക്ക് ഷട്ടറുകൾ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായതോടെ പ്രയോജനമില്ലാതായി. 1990ൽ തുരുമ്പിച്ച ഷട്ടറുകൾ ഇളക്കിമാറ്റുകയും ചെയ്തു.

ചീപ്പ് നിർമ്മിച്ച സമയത്താണ് കായലും കടലും ബന്ധിപ്പിക്കുന്ന 200 മീറ്ററോളം നീളത്തിലുള കനാലും കൃതൃമമായി നിർമ്മിച്ചത്. ഷട്ടറുകൾ താഴ്ത്തി ഇടുമ്പോൾ വേലിയേറ്റ സമയത്ത് കടലിൽ നിന്ന് മണലും എക്കലും കയറുന്നത് തടഞ്ഞിരുന്നു. എന്നാൽ ഷട്ടറുകൾ തുരുമ്പടുത്ത് പൂർണമായും നശിച്ചതോടെ കടലിൽ നിന്നുള്ള എക്കലും മണ്ണും ഒഴുക്കിനൊപ്പം കായലിലേക്ക് കയറിത്തുടങ്ങി. വർഷങ്ങളായി അടിച്ചുകയറിയ മണ്ണും എക്കലും ചേർന്നാണ് ഇപ്പോൾ കായൽ മദ്ധ്യത്തിൽ കരരൂപം കൊണ്ടിരിക്കുന്നത്. ഇത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കയർ തൊഴിലാളികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

 പൊഴിക്കര ചീപ്പ് പാലം

 നിർമ്മാണം: 1958ൽ

 പ്രവർത്തനം നിലച്ചത് 1987ൽ

 8 ഷട്ടറുകൾ

 അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്: 1.5 കോടി രൂപ