madyam

കൊല്ലം: ബീവറേജസിലെ ഒരു പൈന്റ് അടച്ചുതീർത്താലും കിക്കാകാത്ത കുടിയന്മാർ ബാറിലെ ഒരു 90 അടിക്കുമ്പോഴേ ഇരട്ടി കിക്കിലാണ്!. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലാഭം കുത്തനെ ഇടിഞ്ഞ ബാറുകളിൽ വ്യാജമദ്യം വിൽക്കുന്നവെന്ന സംശയം ബലപ്പെടുകയാണ്.

ബീവറേജസ് കോപ്പറേഷന്റെയോ കൺസ്യൂമർഫെഡിന്റെയോ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങുന്ന ഒരേ കമ്പിനിയുടെ മദ്യവും ചില ബാറുകളിൽ നിന്ന് വാങ്ങുന്ന ഇതേ ഇനത്തിന്റെയും രുചിയിൽ പ്രകടമായ അന്തരമുണ്ടെന്നാണ് മദ്യപാനികൾ പറയുന്നു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരിൽ ഒരു വിഭാഗം നേരത്തെ ബാറുകളിൽ നിന്നാണ് മദ്യം വാങ്ങിയിരുന്നത്. സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തിയിരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗമാണ്. കൊവിഡ് നിയന്ത്രണത്തിന് ശേഷം ആപ്പ് വന്നതോടെ ഈ ശീലങ്ങളെല്ലാം മാറി. ഇതോടെയാണ് ബാറിലെയും സർക്കാർ ഔട്ട്ലെറ്റുകളിലെയും മദ്യത്തിന്റെ വ്യത്യാസം പലർക്കും അനുഭവപ്പെട്ട് തുടങ്ങിയത്.

ബാറിൽ നിന്ന് വാങ്ങുന്ന സെലിബ്രേഷന്റെ രണ്ട് അറുപത് അടിച്ചാൽ ഫിറ്റായി വീഴും. പക്ഷെ ബീവറജേസിലെ സെലിബ്രേഷന്റെ മൂന്ന് തൊണ്ണൂറ് അടിച്ചാലും ഒന്നുമാകില്ലെന്നാണ് ചില മദ്യപാനികൾ പറയുന്നത്. വളരെക്കാലമായി ബാറുകളിൽ വിൽക്കുന്ന ബീയറിനെക്കുറിച്ച് ഇങ്ങനെയൊരു പരാതി നിലനിൽക്കുന്നുണ്ട്.

ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസുകളിൽ നിന്നാണ് ബാറുകൾ മദ്യം വാങ്ങുന്നത്. മദ്യം വാങ്ങാനുള്ള ഇൻഡന്റിന്റെ പകർപ്പ് ബാറുകൾ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നൽകും. എക്സൈസ് സംഘം ഇടയ്ക്കിടെ ബാറുകളിലെത്തി ഇൻഡന്റും സ്റ്റോക്കും ഒത്തുനോക്കി പരിശോധിക്കണമെന്നാണ് ചട്ടം. സ്ഥിരമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ഇപ്പോഴുള്ള അഭ്യൂഹം പോലെ വ്യാജമദ്യം വ്യാപകമായി വിൽക്കപ്പെട്ടാൽ മറ്റൊരു ദുരന്തത്തിലേക്ക് നാട് വഴുതിവീഴും.

എക്സൈസിനും സംശയം ഇല്ലാതില്ല

പുറമേ സമ്മതിക്കുന്നില്ലെങ്കിലും എക്സൈസ് ഉദ്യോഗസ്ഥരുടെ ഉള്ളിലും ബാറുകളിൽ വ്യജമദ്യം വിൽക്കുന്നുവെന്ന സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ സ്റ്റോക്കിനൊപ്പം മദ്യകുപ്പികളിലെ ഹോളോഗ്രാം മുദ്ര‌യും നോക്കിയിരുന്നു. പക്ഷെ തങ്ങൾ എത്തുമ്പോൾ ബാർ ജീവനക്കാരുടെ മുഖത്ത് മുൻകാലങ്ങളെക്കാൾ ഭയം പ്രകടമായിരുന്നുവെന്ന് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.



രണ്ട് ബാറുകൾക്കെതിരെ കേസ്

ബെവ്ക്യൂ ആപ്പിൽ നിന്നുള്ള ടോക്കണില്ലാത്തവർക്കും മദ്യം നൽകിയതിന് കൊല്ലം നഗരത്തിലെയും പത്തനാപുരത്തെയും ഓരോ ബാറുകൾക്കെതിരെ എക്സൈസ് കഴിഞ്ഞ ദിവസം കേസെടുത്തു. എക്സൈസ് പരിശോധന ശക്തമായതോടെ ബില്ല് പോലുമില്ലാതെ സെക്യൂരിറ്റിമാർ വഴി നടത്തിയിരുന്ന രഹസ്യ വില്പന ഇപ്പോൾ പല ബാറുകളും നിറുത്തിയിട്ടുണ്ട്.

പിടിതരാതെ 'സെക്കന്റ്സ് '

ബാർ ജീവനക്കാരുമായി ഏറ്റവുമധികം അടുപ്പമുള്ള സ്ഥിരം ഇടപാടുകാർക്ക് മദ്യം പാഴ്സൽ വാങ്ങുമ്പോൾ അല്പം വിലകുറച്ച് കൊടുക്കാറുണ്ട്. സെക്കന്റ്സ് എന്നാണ് ഈ ഇടപാട് അറിയപ്പെടുന്നത്. നികുതിയില്ലാതെ മദ്യ കമ്പിനികളിൽ നിന്നും നേരിട്ട് വാങ്ങി രഹസ്യമായി നടക്കുന്ന വില്പനയാണിത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച പലതവണ രഹസ്യ വിവരം കിട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. മദ്യ കമ്പിനികൾ വാങ്ങുന്ന സ്പിരിറ്റിന് ആനുപാതികമായി സ്റ്റോക്ക് കാണിക്കേണ്ടതിനാൽ രഹസ്യ വില്പനയ്ക്കുള്ള സാദ്ധ്യത കുറവാണെന്നും എക്സൈസുകാർ പറയുന്നു.

ജില്ലയിൽ

ബാറുകൾ: 81

ബീവറേസ് & കൺസ്യൂമർ ഫെഡ്: 27
ബിയർ & വൈൻ പാർലർ: 45

''

ബാറുകളിലെ മദ്യത്തിന് രുചി വ്യത്യാസം പലതവണ തോന്നിയിട്ടുണ്ട്. അതുകൊണ്ട് ബെവ്ക്യൂ ആപ്പിൽ നിന്ന് ബാറിലേക്ക് ടോക്കൺ കിട്ടായാലും പോകാറില്ല. പിന്നീട് ബിവറേജസിലേക്ക് ടോക്കൺ കിട്ടുമ്പോഴെ പോകാറുള്ളു.

രതിൻ, മേവറം