op

 ജില്ലാ ആശുപത്രിയിൽ കൂട്ട ഡിസ്ചാർജ്

കൊല്ലം: ഇടുങ്ങി ഞെരുങ്ങി നിൽക്കുന്ന ജില്ലാ ആശുപത്രിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ഒ.പിക്കും ഐ.പിക്കുമൊപ്പം കൊവിഡ് ചികിത്സയും നടത്താൻ നീക്കം. ഏറ്റവും അടുത്ത ദിവസം തന്നെ കൊവിഡ് ബാധിതരെ എത്തിച്ചേക്കുമെന്നും ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ജില്ലാ ഭരണകൂടം ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ മാസം 20 മുതൽ ജില്ലാ ആശുപത്രി സമ്പൂർണ കൊവിഡ് സെന്ററാക്കാനായിരുന്നു ആദ്യ നിർദ്ദേശം. ഇതിന്റെ ഭാഗമായി കിടത്തി ചികിത്സയിലുള്ള രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്ത് തുടങ്ങിയിരുന്നു. ഗുരുതരാവസ്ഥയിലുള്ളവർ ഒഴികെ പുതിയവരെ ഐ.പിയിൽ പ്രവേശിപ്പിക്കുന്നതും ഇടയ്ക്ക് നിറുത്തി. പ്രധാന കെട്ടിടം പൂർണമായും കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കാനായിരുന്നു ആലോചന. കൊവിഡ് ആശുപത്രിയായാൽ പിന്നെ കാത്ത് ലാബ്, ഡയാലിസിസ്, കീമോതെറാപ്പി, കാഷ്വാലിറ്റി എന്നിവ മാത്രമേ പ്രവർത്തിക്കൂ. മറ്റ് സാദ്ധ്യതകളുള്ളപ്പോൾ ആയിരങ്ങൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയെ കൂടി സമ്പൂർണ കൊവിഡ് സെന്ററാക്കുന്നതിനെതിരെ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് എതിർപ്പ് ഉയർന്നതോടെ ജില്ലാ ഭരണകൂടം പിൻവാങ്ങിയിരുന്നു.

അപകടകരമായ നിർദ്ദേശം

കൊവിഡ് രോഗികളുടെ എണ്ണം 40 ആകുന്നത് വരെ ഒ.പിയും ഐ.പിയും പ്രവർത്തിപ്പിക്കണമെന്ന അപകടകരമായ നിർദ്ദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലേത് പോലെ വിശാലമായ സൗകര്യങ്ങൾ ഇവിടെയില്ല. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ സ്ഥലപരിമിതി കാരണം പൂർണമായും പാലിക്കാനാകില്ല. ഇപ്പോൾ തന്നെ 200 ഓളം പേർ കിടത്തി ചികിത്സയിലുണ്ട്. ശരാശരി 1,500 ഓളം പേർ ശരാശരി ഒ.പിയിലെത്തുന്നുണ്ട്. കൊവിഡ് സെന്ററായാൽ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ മറ്റ് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റുമെങ്കിലും പല ശസ്ത്രക്രിയകൾക്കും സൗകര്യമില്ലാത്തത് പാവപ്പെട്ട രോഗികളെ പ്രയാസത്തിലാക്കും. കൊല്ലം നഗരത്തിലും പരിസരത്തുമുള്ളവർക്ക് ആശ്രയിക്കാൻ നല്ലൊരു സർക്കാർ ആശുപത്രിയും ഇല്ലാതാകും.

മറ്റ് ജില്ലകളിൽ

മെഡിക്കൽ കോളേജുകൾ കൊവിഡ് സെന്ററുകളായുള്ള തിരുവനന്തപുരം അടക്കമുള്ള മറ്റ് ജില്ലകളിൽ ജനറൽ ആശുപത്രികളും ജില്ലാ ആശുപത്രികളും ഇതുവരെ സമ്പൂർണ കൊവിഡ് സെന്ററാക്കിയിട്ടില്ല. പരിശോധനയ്ക്ക് ശ്രവം ശേഖരിക്കലും നിരീക്ഷണത്തിൽ പാർപ്പിക്കലും മാത്രമാണുള്ളത്.

ആകെ കിടക്കകൾ: 537

കിടത്തചികിത്സയിലുള്ള രോഗികൾ: 221

ശരാശരി ഒ.പി: 1,500