കൊല്ലം:സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായ കേസുകൾ ഏറ്റവും കൂടുതൽ തലസ്ഥാന ജില്ലയിൽ. തിരുവനന്തപുരത്ത് 1,153 കേസുകൾ നിലവിലുണ്ട്. തൃശൂരും മലപ്പുറവുമാണ് തൊട്ടുപിന്നിൽ. വയനാട്ടിലാണ് ഏറ്റവും കുറവ്-194. മൊത്തം 6920 കേസുകൾ തീർപ്പാക്കാനുണ്ട്.
കഴിഞ്ഞ ദിവസം 17 പോക്സോ കോടതികൾ നിലവിൽ വന്ന പശ്ചാത്തലത്തിലാണ് കണക്കുകൾ പുറത്തുവന്നത്.
കേന്ദ്ര നിർദേശ പ്രകാരം സംസ്ഥാനത്ത് 28 പോക്സോ കോടതികൾ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് 17 എണ്ണം തുടങ്ങിയത്. മാനഭംഗക്കേസുകളും ക്രമേണ ഇവിടേക്ക് മാറ്റും. അത്തരം കേസുകൾ 6,700.
കുഞ്ഞോമനകളും
ഇരകൾ
കൂടുതൽ ഇരകളായത് 5നും 17നും ഇടയിലുള്ള പെൺകുട്ടികളാണ്. നാലു വയസുള്ള കുഞ്ഞിനെ പീഡിച്ച കേസുമുണ്ട്. അച്ഛനും അപ്പൂപ്പനുമെല്ലാം പ്രതികളാണ്. ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ ആലപ്പുഴ ജില്ലയിൽ കേസുണ്ട്. മിക്ക പ്രതികളും 55 വയസ് കഴിഞ്ഞവർ. 40 ശതമാനത്തിൽ താഴെ കേസുകളിലാണ് ചെറുപ്പക്കാർ പ്രതികളായത്
കെട്ടിച്ചമച്ച
കേസുകളും
ഭാര്യാഭർത്തൃ ബന്ധങ്ങൾ കോടതി കയറുമ്പോൾ ഭർത്താവിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം മകളെ പീഡിപ്പിച്ചെന്നാണ്. പല കേസുകളിലും പ്രതികൾ കുറ്റക്കാരല്ലെന്ന് ബോദ്ധ്യപ്പെടും. വൃക്തിവൈരാഗ്യം, അയൽ തർക്കങ്ങൾ തുടങ്ങിയ കേസുകളിലും പോക്സോ ദുരുപയോഗം ചെയ്യുന്നു. പീഡനത്തിനിരയായവരോ, കുടുംബങ്ങളോ പരാതിപ്പെട്ടാൽ കേസെടുക്കാതിരിക്കാനാവില്ല.രജിസ്റ്റർ ചെയ്യുന്നതിൽ 98 ശതമാനവും ശരിയായ കേസുകളാണ്.
പോക്സോ,മാനഭംഗ കേസുകൾ
(ജില്ല തിരിച്ച് )
തിരുവനന്തപുരം: 1153 - 904
കൊല്ലം: 501- 510
ആലപ്പുഴ: 284 - 380
പത്തനംതിട്ട: 218 - 198
കോട്ടയം: 556 - 536
ഇടുക്കി: 487- 416
എറണാകുളം: 480 - 415
തൃശൂർ: 798 - 601
പാലക്കാട്: 383 - 418
മലപ്പുറം: 777 - 826
കോഴിക്കോട്: 299 - 395
വയനാട്: 194 - 223
കണ്ണൂർ: 623 - 561
കാസർകോട്: 267- 317