pho
തെന്മല പഞ്ചായത്തിലെ തേവർകുന്ന് മുസ്ലിം പള്ളിക്ക് സമീപം അനധികൃതമായി കുന്ന് ഇടിച്ച് മണ്ണ് കടത്തുന്ന ഭൂമി

പുനലൂർ: വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി നിറുത്തി വച്ച അനധികൃത കുന്നിടിക്കൽ വീണ്ടും ആരംഭിച്ചത് പുനലൂർ താലൂക്കിലെ റവന്യൂ സ്ക്വാഡ് തടഞ്ഞു. കുന്നിടിക്കാൻ ഉപയോഗിച്ച ജെ.സി.ബിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തെന്മല പഞ്ചായത്തിലെ ഇടമൺ വില്ലേജ് അതിർത്തിയിലെ തേവർകുന്ന് മുസ്ലിം പള്ളിക്ക് സമീപത്തെ രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലെ കുന്നിടിച്ചത് ചൊവ്വാഴ്ച വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുളള റവന്യൂ ഉദ്യോഗസ്ഥർ നിറുത്തി വയ്പ്പിച്ചിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ ഇന്നലെ രാവിലെ വീണ്ടും കുന്നിടിച്ച മണ്ണ് കല്ലടയാറിന്റെ തീരത്തും സമീപത്തെ ചതുപ്പ് ഭൂമിയിലും ഇട്ട് നികത്തിയതാണ് റവന്യൂ സ്ക്വാഡെത്തി തടഞ്ഞത്.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും പുനലൂർ ആർ.ഡി.ഒയ്ക്കും ഇന്ന് റിപ്പോർട്ടു നൽകും.

ജില്ലാ കളക്ടറുടെയും പുനലൂർ ആർ.ഡി.ഒയുടെയും നിർദ്ദേശത്തെ തുടർന്നാണ് കുന്നിടിക്കൽ തടഞ്ഞത്

ബിജുരാജ്, തഹസിൽദാർ(എൽ-ആർ)

ജിയോളജി വകുപ്പിന്റെ അനുമതിയില്ല

ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുന്നിടിച്ചതെന്ന് അധികൃതർ പറഞ്ഞു. മഹസർ തയ്യാറാക്കിയ ശേഷം ജെ.സി.ബി തെന്മല പൊലീസിന് കൈമാറും. 33 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും 8 മീറ്റർ ഉയരത്തിലുമുളള കുന്ന് ഇതിനകം അനധികൃതമായി നീക്കം ചെയ്തിരുന്നു. കുന്നിടിച്ച് ഭൂമി നിരപ്പാക്കിയ ശേഷം ഇവിടെ ക്രഷർ യൂണിറ്റ് തുടങ്ങാനുള്ള ശ്രമത്തിനെതിരെയും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.