kollam-union
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയൻ ഭാരവാഹികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ

കൊല്ലം: കെ.കെ. മഹേശന്റെ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തേജോവധം ചെയ്യാനുള്ള ശ്രമം ദുഃഖകരമെന്ന് കൊല്ലം യൂണിയൻ കൗൺസിൽ അഭിപ്രായപ്പെട്ടു.

ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ച കാലഘട്ടത്തിൽ തന്റെ ചുമതലയിലുള്ള സ്കൂളിൽ 14ൽപ്പരം നിയമനങ്ങൾ മഹേശൻ നടത്തുകയും ഈ വിവരം കണക്കിൽ ഉൾപ്പെടുത്താതെ മറച്ചുവയ്ക്കുകയും ചെയ്തിരുന്നു. പുതിയ ഭരണസമിതി വന്നപ്പോൾ ഇതേസംബന്ധിച്ച് വ്യക്തമായ കണക്ക് ആവശ്യപ്പെട്ട് ഭരണസമിതി കത്ത് നൽകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കത്തിന്റെ പകർപ്പ് യോഗത്തിനും ജനറൽ സെക്രട്ടറിക്കും കിട്ടിയതോടെ മഹേശന്റെ കോഴവാങ്ങൽ പുറത്തായി.

ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുമ്പോഴും മഹേശനെ നേർവഴിക്ക് നയിക്കാനായിരുന്നു ജന. സെക്രട്ടറി ശ്രമിച്ചത്. മഹേശന്റെ മരണത്തിൽ തെറ്റുകാരനല്ലെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ജനറൽ സെക്രട്ടറി മഹേശന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ചില സമുദായ വിരുദ്ധർ യോഗത്തിനും വെള്ളാപ്പള്ളി നടേശനുമെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്.

മാവേലിക്കര, ചെങ്ങന്നൂർ യൂണിയനുകളിലെ മൈക്രോഫിനാൻസ് തിരിമറിയെ കുറിച്ച് അന്വേഷണം നടത്താനെത്തിയ വിജിലൻസ് സംഘവും ക്രൈംബ്രാഞ്ചും ചീഫ് കോ ഓർഡിനേറ്ററെന്ന നിലയിൽ മഹേശനെ ചോദ്യം ചെയ്തിരുന്നു. അടുത്തകാലത്തായി സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ സമ്പത്തിന്റെ ഉറവിടം ഉദ്യോഗസ്ഥർ ആരാഞ്ഞതോടെ ഉത്തരംമുട്ടിയത് മൂലമാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്നും കൗൺസിൽ യോഗം അറിയിച്ചു.

യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആനേപ്പിൽ എ.ഡി. രമേശ്, പുണർതം പ്രദീപ്, ബി. പ്രതാപൻ, നേതാജി ബി. രാജേന്ദ്രൻ, ജി.ഡി. രാഖേഷ്, എം. സജീവ്, ജി. രാജ്മോഹൻ, അഡ്വ. ഷേണാജി, ഇരവിപുരം സജീവൻ, അഡ്വ. ധർമ്മരാജൻ എന്നിവർ പങ്കെടുത്തു.