chathannoor-photo-3
നെടുങ്ങോലം ആമവട്ടം ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ഫാംഹൗസ് വളപ്പിൽ പരസരവാസികളുടെ വഴി കെട്ടിയടച്ച് നടത്തുന്ന മതിൽ നിർമ്മാണം നട്ടുകാർ തടഞ്ഞപ്പോൾ

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഫാം ഹൗസിനെതിരെ പരാതിയുമായി പ്രദേശവാസികൾ. നെടുങ്ങോലം ആമവട്ടം ക്ഷേത്രത്തിന് സമീപത്തുള്ള കൊല്ലം ഉളിയക്കോവിൽ സ്വദേശിയുടെ ഫാം ഹൗസിനെതിരെ മാലിന്യപ്രശ്നമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരിസരവാസികൾ ചിറക്കര ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയത്.

അഞ്ച് പശുവിനെ മാത്രം പരിപാലിക്കാൻ പറ്റുന്ന തൊഴുത്തിൽ പത്തിലധികം പശുക്കളെയാണ് കെട്ടിയിരിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിനുള്ള യാതൊരു സംവിധാനവും ഒരുക്കാതെയാണ് ഫാം ഹൗസ് പ്രവർത്തിക്കുന്നത്. ചാണകവും മൂത്രവും മാറ്റുന്നതിനുള്ള ടാങ്കുകൾ ഇല്ലാത്തതിനാൽ മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ഇതിന് പുറമെ ദുർഗന്ധം കാരണം പരിസരത്ത് കൂടി നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ഫാംഹൗസ് വളപ്പിൽ പൊതുവഴി കെട്ടിയടച്ച് മതിൽ നിർമ്മിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞിരുന്നു. ഇതേതുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പരിശോധനയ്ക്കെത്തിയിരുന്നു. നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സമീപവാസികൾ പറഞ്ഞു.