abhiram
അഭിരാം അമ്മ സജനയ്ക്കും സഹോദരി അഭിരാമിക്കും ഒപ്പം

എഴുകോൺ: കാഴ്ചമറച്ച വിധിയെ തോൽപ്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയിരിക്കുകയാണ് കുണ്ടറ മുക്കൂട് സ്വദേശി ടി.എസ്. അഭിരാം. ജന്മനാതന്നെ പൂർണമായി അന്ധത ബാധിച്ച അഭിരാം തിരുവനന്തപുരം ശ്രീമൂലവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതി എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കിയത്.

നാലാം ക്ളാസ് കഴിഞ്ഞപ്പോൾ അക്ഷരങ്ങൾ വെല്ലുവിളിയായതോടെ ഏഴാം ക്ലാസ് വരെ ജഗതിയിലെ സർക്കാർ അന്ധ വിദ്യാലയത്തിലാണ് അഭിരാം പഠിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ശ്രീമൂലവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. അവധി ദിവസങ്ങളിൽ വീട്ടിൽ നിൽക്കുമ്പോൾ അദ്ധ്യാപകർ റെക്കോർഡ് ചെയ്ത് അയക്കുന്ന പാഠഭാഗങ്ങൾ കേട്ടാണ് അഭിരാം പഠിച്ചിരുന്നത്. പ്ലസ്ടുവിന് ഹ്യൂമാനിറ്റീസ് പഠിക്കാനാണ് തീരുമാനം.

മുക്കൂട്‌ രോഹിണി ഭവനത്തിൽ തുളസീധരൻ ആചാരിയുടെയും സജനയുടെയും മകനാണ് അഭിരാം. തടിപ്പണികരനായ പിതാവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. മകന്റെ ചികിത്സയ്ക്കും മറ്റ് ചെലവുകൾക്കും നന്നേ കഷ്ടപ്പെടുന്ന തുളസീധരന് കൊവിഡ് കാലം നൽകിയത് കനത്ത ആഘാതമാണ്. വീട്ടിലെ ടി.വി കേടായതിനാൽ ഇളയ മകൾ അഭിരാമിയുടെ വിദ്യാഭ്യാസവും മുടങ്ങിയ സ്ഥിതിയാണ്. ബുദ്ധിമുട്ടുകൾക്കിടയിലും മകന്റെ വിജയത്തിൽ നിറകണ്ണുകളോടെ പ‌ുഞ്ചിരിക്കുകയാണ് അഭിരാമിന്റെ മാതാപിതാക്കൾ.

 സംഗീതവും മൃദംഗവും ജീവൻ, കെ.എസ്. ചിത്രയെ കാണണം

പഠനത്തിൽ മാത്രമല്ല കലാരംഗത്തും പ്രതിഭയാണ് അഭിരാം. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് മൃദംഗത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനം നേടുന്നു. കഴിഞ്ഞ കലോത്സവത്തിന് കഥാപ്രസംഗം, സംഘഗാനം, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി.

മുളങ്കാടകം ഭാസിയുടെ കീഴിൽ മൃദംഗവും ആര്യലക്ഷ്മിയുടെ ശിക്ഷണത്തിൽ സംഗീതവും അഭ്യസിക്കുന്ന അഭിരാമിന് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ പഠിക്കണമെന്നും അവിടെത്തന്നെ ജോലി ചെയ്യണമെന്നുമാണ് ആഗ്രഹം. കാഴ്ചയില്ലെങ്കിലും ഗായിക കെ.എസ്. ചിത്രയെ നേരിട്ട് കാണണമെന്നത് തന്റെ ആത്മാഭിലാഷമായി കൊണ്ടുനടക്കുകയാണ് ഈ കൊച്ചുമിടുക്കൻ.