waterway

 39 ജലാശയങ്ങളെ ബന്ധിപ്പിച്ച് 620 കി.മീറ്റർ ജലപാത

കൊല്ലം: കേരളത്തിന്റെ വികസന നാഴികക്കല്ലായി കോവളം - ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകും. വിനോദ ബോട്ടിംഗാണ് ആദ്യം. മൂന്നാംഘട്ടം 2025ൽ പൂർത്തിയാകുമ്പോൾ ചരക്ക് ഗതാഗതം തുടങ്ങും. 39 ജലാശയങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാന, ദേശീയ ജലപാതകൾ ചേർന്നതാണ് 620 കി.മീറ്റർ ജലപാത.

ഒറ്റനിലയുള്ള ഹൗസ് ബോട്ട്, സ്റ്റീൽ ബോട്ട്, കാശ്‌മീരി ശിക്കാര ബോട്ട് എന്നിവ ഉപയോഗിച്ചാകും വിനോദ സർവീസ്. രണ്ടാംഘട്ടത്തിൽ പാലങ്ങളുടെ ഉയരം കൂട്ടുന്നതോടെ ഉയരം കൂടിയ ഹൗസ് ബോട്ടുകളിറക്കും.

കേന്ദ്ര ഫണ്ടുള്ള കൊല്ലം - കോട്ടപ്പുറം ( 328 കി.മീറ്റർ) ദേശീയജലപാതയുടെ വികസനം 95 ശതമാനം പൂർത്തിയായി. ചവറയിൽ ഒരു പാലം, നരിക്കല്ല് പൊട്ടിക്കൽ, കൊല്ലം അഷ്ടമുടി കായലിൽ ആഴം കൂട്ടൽ എന്നിവയാണ് ശേഷിക്കുന്നത്. സംസ്ഥാന ജലപാതയിൽ വർക്കല തുരപ്പിന്റെ വീതി കൂട്ടൽ, കണ്ണൂരിൽ മാഹി,​ അഞ്ചരക്കണ്ടി പുഴകളെ ബന്ധിപ്പിച്ച് 26 കി. മീറ്റർ കനാൽ, കാസർകോട്ട് ചിറ്റാഴി,​ നീലേശ്വരം പുഴകളെ ബന്ധിപ്പിച്ച് പുതിയ കനാൽ എന്നിവ പൂർത്തിയാകാനുണ്ട്. 300 കോടിയോളം രൂപ ചെലവായി.

അടുത്തമാസം ട്രയൽ

അടുത്തമാസം മുതൽ ചവറ കെ.എം.എം.എല്ലിലേക്കുള്ള അസംസ്കൃത വസ്തുക്കൾ കൊച്ചിയിൽ നിന്ന് ജലപാത വഴി ബാർജിൽ കൊണ്ടു വരും. കൊച്ചിൻ റിഫൈനറിയിൽ നിന്ന് 200 ടൺ ഫർണസ് ഓയിലും ആസിഡ് ആൻഡ് കെമിക്കൽസിൽ നിന്ന് 200 ടൺ ഹൈഡ്രോ ക്ലോറിക് ആസിഡുമാണ് പ്രതിദിനം കൊണ്ടുവരുക. ഇപ്പോൾ 40 ടാങ്കർ ലോറികളിലാണ് എത്തിക്കുന്നത്.

ഒന്നാംഘട്ടം

കോവളം മുതൽ ബേക്കൽ വരെ ജലാശയങ്ങളെ കനാലുകൾ വഴി ബന്ധിപ്പിക്കൽ,

നിലവിലുള്ള ജലപാതയുടെ ശുചീകരണം, പാർശ്വഭിത്തി നിർമ്മാണം, ആഴംകൂട്ടൽ

രണ്ടാംഘട്ടം

കോഴിക്കോട്ടെ കനോലി കനാൽ വീതി കൂട്ടൽ

ഉയരം കുറഞ്ഞ പാലങ്ങളുടെ പുനർനിർമ്മാണം, പുതിയ പാലങ്ങളുടെ നിർമ്മാണം.

2022 ഡിസംബറിൽ പൂർത്തിയാക്കും.

മൂന്നാംഘട്ടം

ചരക്ക് ഗതാഗതത്തിനായി ആഴംകൂട്ടൽ, ചരക്ക് യാനങ്ങൾ അടുപ്പിക്കാൻ എല്ലാ ജില്ലകളിലും ടെർമിനൽ .2025 ഡിസംബറിൽ പൂർത്തിയാക്കും

വീതി- 32 - 40 മീറ്റർ

ആഴം- 2.25 മീറ്റർ (കുറഞ്ഞത്)

 നേട്ടം

ചരക്ക് നീക്കത്തിന് ചെലവ് കുറവ്.

അന്തരീക്ഷ മലിനീകരണവും റോഡിലെ തിരക്കും കുറയും.

റോഡ് (ലോറി) - 2.80 രൂപ (ഒരു ടൺ ,​ഒരു കിലോമീറ്റർ)

ട്രെയിൻ- 82 പൈസ

ജലപാത- 65 പൈസ

''ജലപാത യാഥാർത്ഥ്യമാകുന്നതോടെ റോഡിനും റെയിലിനും സമാന്തരമായി തെക്ക് മുതൽ വടക്ക് വരെ മൂന്ന് ഗതാഗത മാർഗങ്ങളുള്ള അപൂർവ പ്രദേശമാകും കേരളം. കൊച്ചിയിൽ നിന്ന് രാസവസ്തുക്കളടക്കം ജലപാതയിലൂടെ കൊണ്ടുപോയാൽ അപകട സാദ്ധ്യത കുറയും"

എസ്. സുരേഷ് കുമാർ (ഉൾനാടൻ ജലഗതാഗത വകുപ്പ് റിട്ട. ചീഫ് എൻജിനീയർ)