എഴുകോൺ: പലചരക്ക് വ്യാപാരി കടയ്‌ക്കോട് വടക്കേമുക്ക് ലക്ഷ്മി വീട്ടിൽ സുരേന്ദ്രനെ മർദ്ദിച്ച് കാൽ തല്ലി ഒടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. കേസിലെ മൂന്നാം പ്രതിയായ തിരുവനന്തപുരം കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്ക് സമീപം ജഹാൻ മൻസിലിൽ ജാസിംഖാനാണ് (27 ) അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 2 ന് രാത്രി 9 ഓടെ കടയ്‌ക്കോട് ജംഗ്ഷനിൽ വച്ച് ജാസിംഖാൻ ഉൾപ്പെട്ട ക്വട്ടേഷൻ സംഘം വ്യാപാര സ്ഥാപനം അടച്ച ശേഷം മടങ്ങി വരുകയായിരുന്ന രാജേന്ദ്രനെ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് അടിയേറ്റ് രാജേന്ദ്രന്റെ കാല് ഒടിഞ്ഞിരിന്നു. കേസിലെ ഒന്നാം പ്രതിയായ കടയ്‌ക്കോട് കിണറുമുക്ക് സുദർശന വിലാസത്തിൽ അനിൽകുമാറിന് എതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ സുരേന്ദ്രനെ ആക്രമിച്ചത്. ഈ കേസിലെ നാല് പ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഴുകോൺ പൊലീസ് ഇൻസ്‌പെക്ടർ ടി.എസ്. ശിവപ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ബാബുക്കുറുപ്പ്, സന്തോഷ് കുമാർ, എസ്.സി.പി.ഒ. ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.