പത്തനാപുരം: പ്രവാസിയായ സുഗതന്റെ മക്കൾക്കെതിരെ പഞ്ചായത്ത് നോട്ടീസ് നൽകിയതായി വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും വർക് ഷോപ്പിന്റെ ലൈസൻസിനായി സുഗതന്റെ മക്കൾ അപേക്ഷ നൽകിയിട്ടില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് അജിമോഹൻ പറഞ്ഞു. പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർക് ഷോപ്പ് നിൽക്കുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയതാണ്. നിയമപരമായ നടപടി പൂർത്തിയാക്കി ലൈസൻസ് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും അനുകൂല റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി വരെ ഇടപെട്ടതിനെ തുടർന്നാണ് പാർട്ടിക്കുള്ളിൽ ലൈസൻസിനായി തീരുമാനം ഉണ്ടായത്. അദ്ദേഹം നൽകിയ ഉറപ്പിലാണ് ഉപകരണങ്ങൾക്കും മറ്റുമായി 8 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് മക്കളായ സുജിത്, സുനിൽ എന്നിവർ വർക് ഷോപ്പ് പ്രവർത്തനം തുടങ്ങിയത്.
പ്രാദേശവാസിയായ വി.എം. കുര്യന്റെ പേരിലുള്ള 14.5 സെന്റ് ഭൂമി മൂന്നു വർഷത്തേക്ക് പാട്ടത്തിനെടുത്താണ് സുഗതൻ വർക് ഷോപ്പ് നിർമ്മാണം തുടങ്ങിയത്. പാർട്ടികളുടെ എതിർപ്പ് രൂക്ഷമായതോടെ 2018 ഫെബ്രുവരി 23ന് സുഗതൻ നിർമ്മാണത്തിലിരുന്ന വർക് ഷോപ്പിൽ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.