ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും
കൊല്ലം: കടപ്പാക്കട മാർക്കറ്റിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായി ആധുനിക ഹൈടെക് മത്സ്യമാർക്കറ്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. ഒന്നര കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ലഭ്യമാക്കി നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് നേരത്തെ തന്നെ പദ്ധതി തുക ചെലവഴിക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നു.
സംസ്ഥാനത്താകെ 65 മാർക്കറ്റുകളാണ് 193 കോടി രൂപ ചെലവിൽ നവീകരണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന തീരദേശ വികസന ഏജൻസിയാണ് നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ മാർക്കറ്റ് നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റെഡി ടു കുക്ക് മത്സ്യം
നിലവിലുള്ള മത്സ്യ മാർക്കറ്റ് സങ്കൽപ്പങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് കടപ്പാക്കട മത്സ്യമാർക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മത്സ്യത്തിന്റെയും മത്സ്യ ഉത്പന്നങ്ങളുടെയും പരമ്പരാഗത വിപണന ശൈലിയിൽ നിന്ന് വ്യത്യസ്തമായി പുതുമയും ഗുണനിലവാരവുമുള്ള മത്സ്യം 'റെഡി ടു കുക്ക്' രൂപത്തിൽ ഗുണഭോക്താക്കൾക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ആധുനിക സംവിധാനങ്ങൾ, 518 ചതുരശ്ര മീറ്റർ വിസ്തൃതി
അർദ്ധ വൃത്താകൃതിയിൽ മനോഹരമായ മാർക്കറ്റ് കെട്ടിടമാണ് കടപ്പാക്കടയിൽ നിർമ്മിക്കുക. 518 മീറ്റർ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷൻ മുറി, ശുചിമുറി, ലോഡിംഗ് സംവിധാനം എന്നിവ ഉണ്ടായിരിക്കും.
സ്റ്റെയിൻലെസ് സ്റ്റീലിൽ തീർത്ത ഡിസ്‌പ്ലേ ടേബിളുകൾ, സ്റ്റീൽ സിങ്കുകൾ എന്നിവ ഓരോ മത്സ്യസ്റ്റാളിലും ഉണ്ടായിരിക്കും. എല്ലാ വിൽപ്പനശാലകളിലും പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങുന്ന വിധമാണ് മാർക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഈടുനിൽക്കുന്ന ഇൻഡസ്ട്രിയൽ ടൈലുകളാണ് തറയിൽ പാകുന്നത്. ഗുണമേന്മയുള്ള പ്ലംബിംഗ് ഉത്പന്നങ്ങൾ ഒട്ടുംതന്നെ മലിനജലം കെട്ടിനിൽക്കാത്ത ഡ്രെയിനേജ് സംവിധാനം ഉറപ്പുവരുത്തും. മലിനജല സംസ്‌കരണ പ്ലാന്റും മാർക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.