election

കൊല്ലം: സംസ്ഥാനം കൊവിഡിൽ പതറിത്തുടങ്ങിയതോടെ ചവറ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് ഇക്കുറി വേണ്ടെന്ന് ഒരേ സ്വരത്തിൽ നേതാക്കൾ. ഒരു കൊല്ലം പോലും ബാക്കിയില്ലാത്ത എം.എൽ.എ സ്ഥാനം വേണ്ടെന്നാണ് നേതാക്കൾ പറയുന്നത്.

നാട്ടുകാരുടെ വിജയണ്ണനായ വിജയൻ പിള്ള മണ്ഡലത്തിൽ വെറുമൊരു രാഷ്ട്രീയക്കാരനായിരുന്നില്ല. ആ വിടവ് നികത്താൻ മുന്നണികൾ സ്ഥാനാർത്ഥികളെ ചികയുന്നതിനിടയിലാണ് കൊവിഡ് സർവതിനും താഴിട്ടത്. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി യു.ഡി.എഫ് നിയോജ മണ്ഡലം യോഗം പോലും കൂടിയിരുന്നു.
തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഒരു വർഷത്തിനുള്ളിൽ കാലാവധി അവശേഷിക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർബന്ധമില്ല. കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കേറാം മീണ ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ കൊവിഡ് പശ്ചാത്തലത്തിൽ നടത്താൻ ബുദ്ധിമുട്ടുള്ളതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ഏകദേശ ധാരണ വന്നത്ത്.

പ്രമുഖ നേതാക്കളുടെ പ്രതികരണം:

''
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നതാണ് ഉചിതം. ജനങ്ങൾക്കുമാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും ഈ ഘട്ടത്തിൽ അത് ബുദ്ധിമുട്ടുണ്ടാക്കും. കമ്മിഷൻ തിരഞ്ഞെടുപ്പ് വേണമെന്ന് നിശ്ചയിച്ചാൽ ഞങ്ങളും തയ്യാറെടുക്കും.


ബിന്ദുകൃഷ്ണ,​ കോൺഗ്രസ് (ഐ)

''
തിരഞ്ഞെടുപ്പിനെ നേരിടാൻ സുസജ്ജമാണ്. പക്ഷേ കൊവിഡ് മഹാമാരിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ലോകമൊന്നാകെ വലിയ വിപത്തിനെ നേരിടുമ്പോൾ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിൽ തെറ്റില്ല.


കെ.എൻ. ബാലഗോപാൽ, സി.പി.എം


''

ജനപ്രതിനിധിയെ തിരഞ്ഞെടുത്താലും ഒരു വർഷം പോലും കാലാവധിയില്ല. അതുകൊണ്ട് ഉപ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനോട് പൂർണ യോജിപ്പാണ്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്ന സമയത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് അഭിപ്രായം.

ബി.ബി. ഗോപകുമാർ, ബി.ജെ.പി


''

മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയുള്ളത് നല്ലതാണ്. കൊവിഡിന് മുന്നിൽ ലോകം പകച്ചുനിൽക്കുമ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല. പ്രതിസന്ധിയുടെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതാണ് നല്ലത്.

മുല്ലക്കര രത്‌നാകരൻ, സി.പി.ഐ


''
ഒരു കൊല്ലത്തിൽ താഴെ മാത്രമേ നിയമസഭാംഗങ്ങൾക്ക് കാലാവധിയുള്ളൂ. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താറില്ല. കൊവിഡ് സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നതാണ് ശരി.

എ.എ. അസീസ്, ആർ.എസ്.പി

''

വരാനിരിക്കുന്ന മാസങ്ങളിൽ കൊവിഡ് വ്യാപനം കൂടുമെന്ന വിലയിരുത്തലുകളുണ്ട്. കൊവിഡിനെ തുരത്തേണ്ടത് നാടിന്റെ കൂട്ടായ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഉപ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിൽ തെറ്റില്ല.


എൻ.കെ. പ്രേമചന്ദ്രൻ എം.പി