കൊല്ലം : അപകടക്കെണിയൊരുക്കി കാത്തിരിക്കുകയാണ് പുത്തൂർ റോഡിലെ രണ്ട് കവലകൾ. കോട്ടാത്തല പണയിൽ, കിടങ്ങിൽ ഭാഗം ജംഗ്ഷനുകളിലാണ് അപകടം പതിയിരിക്കുന്നത്. പണയിൽ ജംഗ്ഷനിൽ നിന്ന് കുറവൻചിറ ഭാഗത്തേക്കുള്ള റോഡിലും കിടങ്ങിൽ ഭാഗത്ത് നിന്നും വല്ലത്തേക്കുള്ള റോഡിനും കൈവരിയും കലുങ്കിന് ഉയർത്തിക്കെട്ടുമില്ലെന്നതാണ് പ്രധാനകാരണം. രണ്ടിടത്തും തോടിന് മുകളിലായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കലുങ്കുകളാണുള്ളത്. മെയിൻ റോഡിൽ നിന്നും ഉപറോഡുകളിലേക്ക് വാഹനങ്ങൾ തിരിയുമ്പോഴാണ് അപകടമുണ്ടാവുക. വാഹനങ്ങൾ തോട്ടിലേക്ക് വീഴാനുള്ള സാദ്ധ്യതയുണ്ട്. രണ്ടിടങ്ങളിലും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
കിഫ്ബിയിലുൾപ്പെടുത്തി പക്ഷേ...
കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട - കൊട്ടാരക്കര- നീലേശ്വരം- കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിന് 20.80 കോടി രൂപ അനുവദിച്ചിരുന്നു. മുക്കാൽ പങ്കും നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ റോഡിന്റെ അപകട സാദ്ധ്യതയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടാൻ നടപടി ഉണ്ടായില്ല.
സുരക്ഷാ സംവിധാനങ്ങൾ ഇല്ല
യു.പി സ്കൂളും ക്ഷേത്രവുമുള്ള കവലയാണ് പണയിൽ ജംഗ്ഷൻ. ഇവിടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ആട്ടോ റിക്ഷകൾ പാർക്ക് ചെയ്യുന്ന സ്റ്റാൻഡ് അപകടക്കെണിയൊരുക്കുന്ന തോടിന് സമീപമാണ്. ബസ് ഇറങ്ങി വരുമ്പോഴും കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിയുമ്പോഴും അപകടമുണ്ടാകാറുണ്ട്.