കുന്നത്തൂർ : സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച ജിനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതും കാത്ത് രണ്ടര മാസമായി കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം. കുന്നത്തൂർ ഐവർകാല പുത്തനമ്പലം കുഴിവിള താന്നിക്കൽ വീട്ടിൽ ജിനു തങ്കച്ചൻ(39) കഴിഞ്ഞ ഏപ്രിൽ 25 നാണ് മരിച്ചത്. താമസ സ്ഥലം മാറുന്നതിന്റെ ഭാഗമായി സാധനങ്ങളും മറ്റും ഷിഫ്റ്റ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ച്ചയിൽ സംഭവിച്ച മുറിവ് സംശയങ്ങൾക്ക് ഇടയാക്കിയെങ്കിലും പൊലീസ് അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നീണ്ടു. ലോക്ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ നോട്ടറി അഡ്വ.തോമസ് വൈദ്യൻ ജിനുവിന്റെ വീട്ടിൽ എത്തി മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ രേഖകൾ തയ്യാറാക്കി പിതാവ് തങ്കച്ചന് കൈമാറിയിരുന്നു. ഇതിനൊപ്പം ജിനുവിന്റെ സൗദിയിലുള്ള സഹോദരൻ അനു തങ്കച്ചനെ മൃതദേഹം ഏറ്റുവാങ്ങി കൊണ്ടുവരാൻ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സമ്മതപത്രം ഭാര്യ റിൻസിയും ഒപ്പുവച്ച് നൽകി. കൊടിക്കുന്നിൽ സുരേഷ് എം.പിയും ഒ.ഐ.സി.സി പ്രവർത്തകരും വേണ്ട ഏർപ്പാടുകൾ ചെയ്തെങ്കിലും മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനായിട്ടില്ല.