photo
അണ്ടൂർ ഗണപതി ക്ഷേത്രത്തിലൊരുക്കിയ വെർച്വൽ സപ്താഹ യജ്ഞം

കൊല്ലം: ലോക്ക് ഡൗണിൽ വാളകം അണ്ടൂർ മഹാഗണപതി ക്ഷേത്രത്തിലൊരുക്കിയ ഓൺലൈൻ സപ്താഹ യജ്ഞത്തിന് ഇന്ന് സമാപനമാകും. ശ്രീമദ് ഭാഗവത ധർമ്മവേദിയുടെ ആഭിമുഖ്യത്തിലാണ് വെർച്വൽ യജ്ഞവേദിയൊരുക്കിയത്. വിവിധ സ്ഥലങ്ങളിൽ നിന്നായി സമയക്രമം പാലിച്ച് ചിട്ടയോടെ ആചാരങ്ങൾ തെറ്റിക്കാതെ യജ്ഞാചാര്യനും പൗരാണികരുമടക്കം പങ്കെടുത്ത യജ്ഞം ഫേസ്ബുക്ക്, യൂട്യൂബ് വഴി തത്സമയം പ്രക്ഷേപണം ചെയ്തുവരുകയാണ്. യജ്ഞാചാര്യൻ എം.ടി. പ്രദീപ് വിദേശത്താണ്. അവിടെ ചിട്ടവട്ടങ്ങളൊരുക്കി യജ്ഞം നടത്തിയപ്പോൾ മുഖ്യയജ്ഞ പൗരാണികൻ ഉമ്മന്നൂർ ശ്രീലാലിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഇരുപതോളം പൗരാണികരാണ് യജ്ഞത്തിൽ ഭാഗഭാകുകുന്നത്. ശ്രീകൃഷ്ണാവതാര ദിവസം

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയും വിദ്യാഗോപാല മന്ത്രാർച്ചനയിൽ കൊല്ലൂർ മൂകാംബികാ ക്ഷേത്ര പുരോഹിതനും സർവ്വൈശ്വര്യ പൂജാദിവസം ആറ്റുകാൽ മേൽശാന്തിയും യജ്ഞത്തിൽ പങ്കെടുത്തു. യജ്ഞത്തിന്റെ ഭാഗമായി അഗതിമന്ദിരങ്ങളിൽ അന്നദാനവും നടന്നു.