കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഉത്രയുടെ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ഇന്നലെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊലപാതക ഗൂഢാലോചനയിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇരുവരും പൊലീസിനോട് ആവർത്തിച്ചു. നേരത്തേ പലതവണ ചോദ്യം ചെയ്തപ്പോഴും ഇവർ ഇതേ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഉത്രയുടെ ആഭരണങ്ങൾ പണയം വച്ചതും വിറ്റതും അറിയാമായിരുന്നെന്ന് സൂരജിന്റെ അമ്മയും സഹോദരിയും പറഞ്ഞു. എന്നാൽ പല കാര്യങ്ങളും സൂരജ് തനിച്ചാണ് ചെയ്തിരുന്നത്. സൂരജും ഉത്രയും പലപ്പോഴും വഴക്കിടുമ്പോൾ സൂരജിനെ ന്യായീകരിച്ചിട്ടുമുണ്ട്. എന്നാൽ ആദ്യ തവണയും രണ്ടാമതും സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് അറസ്റ്റ് സമയത്തുമാത്രമാണ് അറിഞ്ഞത്. പണ്ടുമുതലേ പലതരം ജീവികളെയും സൂരജ് വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്. ആദ്യം പാമ്പിനെ വീട്ടിനുള്ളിൽ കണ്ടപ്പോൾ സ്വാഭാവികമായി കയറിവന്നതാണെന്നാണ് കരുതിയതെന്ന് സൂരജിന്റെ അമ്മ രേണുക പറഞ്ഞു.
സൂരജിനോട് തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് മാറാൻ ആവശ്യപ്പെട്ടത് പൊലീസിനെ പേടിച്ച് മാത്രമാണെന്ന് സൂര്യ പറഞ്ഞു. നാലു ഫോണുണ്ടായിരുന്നെങ്കിലും മൂന്നെണ്ണമേ ഉള്ളൂവെന്ന് കളവ് പറഞ്ഞതിനെപ്പറ്റി സൂര്യയുടെ മറുപടി, ആ ഫോൺ പഴയതായതിനാൽ സ്ഥിരമായി ഉപയോഗിക്കാറില്ലെന്നും അതിനാലാണ് അങ്ങനെ പറഞ്ഞതെന്നുമാണ്. രേണുകയും സൂര്യയും പറഞ്ഞ കാര്യങ്ങൾ പൊലീസ് വിശ്വസിച്ചിട്ടില്ല. ഇന്ന് അന്വേഷണ സംഘം ജയിലിൽ പോയി സൂരജിനെ വീണ്ടും കാണും. ഇതുവരെ ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് 90 പേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇവരിൽ നിന്നെല്ലാം കിട്ടിയ മൊഴികൾ കൂടി ചേർത്തുവച്ചാണ് ഇന്നലെ ഇവരെ ചോദ്യം ചെയ്തത്. സന്ധ്യവരെ തുടർന്ന ചോദ്യം ചെയ്യലിനുശേഷം ഇരുവരെയും പൊലീസ് തിരിച്ച് വീട്ടിലാക്കി.