പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ രണ്ട് സ്ഥലങ്ങളിൽ ഉരുൾ പൊട്ടി വ്യാപകമായി കൃഷി നശിച്ചു. പഞ്ചായത്തിലെ വെഞ്ച്വറിന് സമീപത്തെ തകരപ്പുര കമ്പി ലൈനിലും സ്വർണഗിരിയിലുമാണ് ഉരുൾ പൊട്ടിയത്. രണ്ട് ദിവസം മുമ്പ് വൈകിട്ട് പെയ്ത ശക്തമായ മഴയിലായിരുന്നു ഉരുൾ പൊട്ടൽ. കമ്പി ലൈനിലെ മൂന്ന് കർഷകരുടെ കാർഷിക വിളകളാണ് നശിച്ചത്. കുന്നിന്റെ മുകൾ ഭാഗം പൊട്ടി വെള്ളവും മണ്ണും ഒലിച്ചിറങ്ങിയാണ് കൃഷി നശിച്ചത്. സ്വർണഗിരിയിലെ റബർ തോട്ടത്തിലെ ഉയർന്ന ഭാഗത്തായിരുന്നു ഉരുൾ പൊട്ടിയത്. ഉരുൾപൊട്ടൽ ഉൾപ്രദേശത്തായതിനാൽ ഇന്നലെയാണ് പുറംലോകം അറിയുന്നത്.