pallithottam
ഉപേക്ഷിച്ച ജെ.സി.ബി ക്ക് ചുറ്റും കാട് മൂടിയ നിലയിൽ

കൊല്ലം: പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിന് സമീപം മണ്ണുമാന്തി യന്ത്രവും ഇതിനടുത്തുള്ള പഴയ പോസ്റ്റോഫീസിന് സമീപം ആട്ടോറിക്ഷയും മാസങ്ങളായി ഉപേക്ഷിച്ച നിലയിൽ തുരുമ്പെടുത്ത് നശിക്കുന്നു. മണ്ണുമാന്തി യന്ത്രത്തെ മറയാക്കി, ഉപയോഗിച്ച പി.പി.ഇ കിറ്റടക്കമുള്ള സാധനങ്ങളും മറ്റ് മാലിന്യവും കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. ലോക്ക് ഡൗണിന് മുമ്പ് നിർമ്മിതികേന്ദ്രത്തിന് സമീപം കൊല്ലംതോട് പുനരുദ്ധാരണത്തിന്റെ ഭാഗമായി മണ്ണെടുക്കാനെത്തിച്ച മണ്ണുമാന്തിയാണ് നശിക്കുന്നത്. നിലച്ച തോട് പുനരുദ്ധാരണ ജോലികൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മണ്ണുമാന്തി യന്ത്രം കിടക്കുന്നിടത്തെ മാലിന്യനിക്ഷേപമാണ് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകൾ, കൈയുറകൾ, മാസ്കുകൾ എന്നിവ ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. ക്വാറന്റൈനിൽ കഴിഞ്ഞവർ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മെത്തകൾ, തലയിണ, കിടക്കവിരി എന്നിവയും ഉപേക്ഷിക്കുന്ന വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. പഴയ പള്ളിത്തോട്ടം പോസ്റ്റോഫീസിനടുത്തായി ഉപേക്ഷിക്കപ്പെട്ട ആട്ടോറിക്ഷ കാട് വളർന്ന് മൂടാറായ നിലയിലാണ്. ഇതിന്റെ രജിസ്ട്രേഷൻ നമ്പർ നോക്കി പൊലീസിന് ഉടമസ്ഥനെ കണ്ടെത്താവുന്നതേയുള്ളു. പരിസരവാസികൾ പരാതിപ്പെട്ടിട്ടും പൊലീസോ മറ്റ് അധികൃതരോ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. മണ്ണുമാന്തി യന്ത്രത്തോട് ചേർന്ന് മാലിന്യം തള്ളുന്ന വിവരം കോർപ്പറേഷൻ വാർഡ് കൗൺസിലറെ പലതവണ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.