കൊല്ലം: .പെൺ കൈതച്ചെടികളിൽ നിന്ന് സംസ്കരിച്ച തഴ നെയ്യുന്ന രണ്ട് തുമ്പുപായകൾ മിനുസപ്പെടുത്തി കൂട്ടിത്തയ്ക്കുമ്പോൾ ,പട്ടുമെത്ത തോൽക്കുന്ന മാർദ്ദവവും ഭംഗിയുമുള്ള മെത്തപ്പായ റെഡി.അരികുവശങ്ങളും നാല് മൂലകളും വർണത്തഴകളുപയോഗിച്ച് ഡിസൈൻ ചെയ്യുന്നതോടെ കാഴ്ചയ്ക്കും കമനീയം.
ദേശപ്പഴമയുടെ തഴപ്പായ തഴയപ്പെട്ടതോടെ, തഴയിൽ പിറവികൊണ്ട തഴവ അതിജീവന പാതയിൽ.
പായ് നെയ്ത്തിനെ സംരക്ഷിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ പ്രതാപം വീണ്ടെടുക്കാനുമുള്ള പരിശ്രമത്തിലാണ് ഈ കൊച്ചുഗ്രാമം.അരീപ്പായ, തുമ്പ് പായ,തടുക്ക് തുടങ്ങിയ അമ്പതോളം മറ്റ് ഉൽപ്പന്നങ്ങൾക്കും ഡിമാൻഡ് ഏറെ. 1500 - 3500 രൂപയാണ്മെത്തപ്പായ വില.
അദ്ധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കാത്തതും, പ്ളാസ്റ്റിക് പായകളുടെ കടന്നുവരവുമാണ് തഴപ്പായയെ പിന്നോട്ടടിച്ചത്. രണ്ടര ദിവസം അദ്ധ്വാനിച്ചാലും ഒരു ദിവസത്തെ കൂലിയില്ല..കൈത്തൊഴിലിനൊപ്പം പൈതൃക ഉൽപ്പന്നങ്ങളും നാമാവശേഷമാകുന്ന സ്ഥിതി. തഴവ ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് പഞ്ചായത്തിനെ പൈതൃക ഗ്രാമമായി സാംസ്കാരിക വകുപ്പ് ദത്തെടുത്തത്. തഴപ്പായയുടെ ഈറ്റില്ലമായ കുതിരപ്പന്തിയിൽ 2019 ഏപ്രിൽ 15 മുതൽ റൂറൽ ആർട്ട് ഹബ് പ്രോജക്ടിന് കീഴിൽ തഴപ്പായയുടെയും, കരകൗശല വസ്തുക്കളുടെയും നിർമ്മാണം തുടങ്ങി.
പൈതൃകഗ്രാമം
* 25 സ്ത്രീകൾക്ക് കോഴിക്കോട് ഇരിങ്ങൽ സർഗാലയയുടെ പരിശീലനത്തോടെ തുടക്കം
* നെയ്തെടുക്കുന്ന പായയും കരകൗശല വസ്തുക്കളും സർഗാലയ ഏറ്റെടുക്കുന്നു
* അന്താരാഷ്ട്ര മേളകളിൽ ഉത്പന്നങ്ങൾക്ക് വിപണി
* തഴ ശേഖരിക്കുന്നതിന് ഒരാൾക്ക് 250 രൂപ ഉൾപ്പെടെ മിനിമം വേതനം
''ആർട്ട് ഹബ് പ്രവർത്തനം തഴപ്പായ വ്യവസായത്തിന് പ്രതീക്ഷ നൽകുന്നു''.
-സലീം അമ്പിത്തറ
ഗ്രാമപഞ്ചായത്തംഗം
''കൊവിഡ് തൊഴിലിനെ പ്രതികൂലമായി ബാധിച്ചെങ്കിലും , സർക്കാരിൽ നിന്നാവശ്യമായ സഹായങ്ങൾ ലഭ്യമായാൽ പദ്ധതി വിജയകരമായി തുടരാം''.
-ആർ. സുജ, കോ ഓർഡിനേറ്റർ
റൂറൽ ആർട്ട് ഹബ് പ്രോജക്ട്