യാത്ര നടത്തുന്നവർ ശ്രദ്ധിക്കണം
കൊല്ലം: കൊവിഡ് വ്യാപന ഭീതിയുടെ കാലമാണെങ്കിലും ഉപജീവനത്തിന് പുറത്തിറങ്ങാതെ നിവൃത്തിയില്ല. ജോലി സ്ഥലത്തേക്കും തിരികെ വീട്ടിലേക്കും ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. യാത്രയ്ക്കിറങ്ങും മുമ്പ് കുടയും പഴ്സും മൊബൈൽ ഫോണും മാത്രമല്ല കൊവിഡിനെ പ്രതിരോധിക്കാൻ മറ്റ് ചിലത് കൂടി കൈയിലുണ്ടെന്ന് ഉറപ്പാക്കണം. മൂക്കും വായും താടിയും മറയുന്ന തരത്തിൽ മാസ്ക് ധരിച്ച് മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാവൂ. ഒന്നോ രണ്ടോ മാസ്ക് അധികമായി ബാഗിൽ കരുതുകയും വേണം. യാത്രയ്ക്കിടയിൽ ബസിൽ കെെ കൊണ്ട് പിടിക്കാതെ പോകാൻ കഴിയില്ല. അതിനാൽ ഇടയ്ക്കിടെ കണ്ണിലും മൂക്കിലും കൈ കൊണ്ട് തൊടുന്നത് പൂർണമായും ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകാൻ സാധിക്കാത്തതിനാൽ സാനിറ്റൈസർ സ്വകാര്യ ആവശ്യത്തിനായി കയ്യിൽ കരുതണം. സാധിക്കുമ്പോഴെല്ലാം വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം. ആറ് മണിക്കൂറിൽ കൂടുതൽ ഒരു മാസ്ക് ഉപയോഗിക്കരുത്.
യാത്രയ്ക്കിറങ്ങും മുമ്പ്
1. ബാഗിൽ മാസ്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തുക
2. പൊതു സ്ഥലത്ത് സാമൂഹിക അകലം പാലിക്കുക
3. കൈയിൽ സാനിറ്റൈസർ കരുതുക
4. ഇടയ്ക്കിടെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടാതിരിക്കുക
കൂടുതൽ ശ്രദ്ധ വേണ്ടവർ
1. അറുപത് വയസിൽ കൂടുതലുള്ളവർ
2.പത്ത് വയിൽ താഴെയുള്ളവർ
3. കടുത്ത പ്രമേഹ രോഗികൾ
4. രക്താസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയാത്തവർ
5. ഹൃദ്രോഗികൾ, വൃക്ക, കരൾ, ശ്വാസകോശ രോഗികൾ
6. പ്രതിരോധ ശേഷി കുറയ്ക്കുന്ന ഇമ്മ്യൂണോസപ്രസന്റുകൾ കഴിക്കുന്നവർ